ഇടുക്കി: തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ കയറി വെള്ളത്തൂവൽ സ്വദേശി സുരേഷ് ശരീരത്തില്‍ പെട്രോൾ ഒഴിയ്ക്കുകയായിരുന്നു. പൂര്‍ത്തിയായ പണിയുടെ ബില്‍ മാറി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ജീവനൊടുക്കല്‍ ഭീഷണി. തുടർന്ന് പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് ഇയാളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. മറയൂർ പഞ്ചായത്തിലെ ജലസേചന പദ്ധതിയില്‍ കിണറുകൾ നിർമ്മിക്കാനുള്ള കരാർ സുരേഷിന് ആയിരുന്നു. സ്പെഷ്യൽ ഹോർട്ടികൾച്ചർ കോര്‍പ്പറേഷന്‍റെ സ്‌കീമിൽ ഉൾപ്പെടുത്തിയാണ് കിണറുകൾ നിർമിച്ചത്.
ജോലി പൂർത്തിയാക്കിയിട്ടും പ്രിൻസിപ്പൽ കൃഷി ഓഫീസർ അകാരണമായി ബില്‍ തടഞ്ഞുവെച്ചെന്ന് ആരോപിച്ചായിരുന്നു കരാറുകാരന്‍റെ ആത്മഹത്യാ ഭീഷണി. ജോലിയുടെ 70 ശതമാനം പണം ഉടൻ നൽകാമെന്നും ബാക്കി പണം ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും കൃഷി വകുപ്പ് എഞ്ചിനീയറുടെയും പരിശോധനയ്ക്ക് ശേഷമേ നൽകാനാവൂ എന്നുമാണ് പ്രിൻസിപ്പൽ കൃഷി ഓഫീസര്‍ സ്വീകരിച്ച നിലപാട്. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് തേടുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു. കൃഷി വകുപ്പിന്‍റെ പരാതിയിൽ, ആത്മഹത്യയ്‌ക്ക് ശ്രമിച്ച കരാറുകാരനെതിരെയും ഇദ്ദേഹത്തിന്‍റെ കൂടെയെത്തിയ രണ്ടുപേർക്കെതിരെയും പൊലീസ് കേസെടുത്തു.