ഇടുക്കി: എംജി സര്‍വകലാശാലയുടെ നൂതന സംവിധാനങ്ങളോട് കൂടിയ സ്റ്റഡി സെൻ്റര്‍ ഇടുക്കി ജില്ലയില്‍ ആരംഭിക്കുമെന്ന് സര്‍വകലാശാല വൈസ്‌ചാന്‍സലറും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ്.
സെന്‍ററില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന കോഴ്‌സുകളും ഉള്‍പ്പെടുത്തും. ഇതിനായി ജില്ല കലക്ടറുമായും മറ്റ് ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തും. സുസ്ഥിര വികസനത്തിന് പുതിയ വ്യവസായ സംരംഭങ്ങളും ചെറുകിട വ്യവസായ പദ്ധതികളും പഞ്ചായത്ത് തലത്തില്‍ ആവിഷ്‌കരിക്കണം. ജില്ലയുടെ വികസനത്തിന് ജനപ്രതിനിധികള്‍ക്ക് കാതലായ മാറ്റം വരുത്താന്‍ സാധിക്കും. പ്രകൃതി സൗഹൃദമായ വികസനമാണ് ജില്ലയ്ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന സാഹചര്യത്തില്‍ നാടിന്‍റെ വികസനം വേഗത്തിലും ആഴത്തിലുമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന സുസ്ഥിര വികസന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കില, ജില്ലാ പഞ്ചായത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ ഫിലിപ്പ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തി.