ഇടുക്കി: ഇടുക്കി തൂക്കുപാലത്തെ വിജയമാതാ പബ്ലിക് സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്. മാനദണ്ഡങ്ങള്‍ പാലിയ്ക്കാതെ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും സ്‌കൂളില്‍ വിളിച്ച് വരുത്തിയതാണ് രോഗം പിടിപെടാന്‍ കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് തേടി.
സ്‌കൂളിലെത്തിയത് 500ലധികം പേര്‍
ഓഗസ്റ്റ് 24, 25 തിയതികളിലായി വിദ്യാര്‍ഥികളുടെ പഠന നിലവാരം വിലയിരുത്തുന്നതിനും നോട്ട്ബുക്കുകള്‍ പരിശോധിക്കുന്നതിനുമായി വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും സ്‌കൂളിലേക്ക് വിളിച്ച് വരുത്തിയിരുന്നു. രണ്ട് ദിവസങ്ങളിലായി 500ലധികം പേരാണ് സ്‌കൂളില്‍ എത്തിയത്.
പത്ത് മുതല്‍ പ്ലസ്‌ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി മൂന്ന് ദിവസങ്ങളിലായി നടത്തിയ മീറ്റിങിലും ഓരോ ദിനവും 120ലധികം ആളുകള്‍ പങ്കെടുത്തു. പരിപാടി സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ ആരോഗ്യവകുപ്പില്‍ അറിയിപ്പ് നല്‍കിയിരുന്നില്ലെന്നാണ് വിവരം.
റിപ്പോര്‍ട്ട് തേടി ആരോഗ്യ വകുപ്പ്
മീറ്റിങില്‍ പങ്കെടുത്ത കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 20ഓളം കുട്ടികള്‍ രോഗ ബാധിതരായതായാണ് സൂചന. എന്നാല്‍ കുട്ടികളെ സ്‌കൂളില്‍ എത്തിയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കൊവിഡ് മാനദണ്ഡം ലംഘിച്ചുള്ള സ്‌കൂളിന്‍റെ നടപടി സംബന്ധിച്ച് കല്ലാര്‍ പട്ടംകോളനി പ്രാഥമിക ആരോഗ്യ കേന്ദ്രം ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്കും നെടുങ്കണ്ടം പൊലിസിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌കൂള്‍ ഉള്‍പ്പെടുന്ന തൂക്കുപാലം ടൗണ്‍ പൂര്‍ണമായും അടച്ചിരുന്നു.
Also read: 18 വയസിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി