ഇടുക്കി: പരീക്ഷയെഴുതാന്‍ എത്തുന്ന സഹപാഠികള്‍ക്ക് മാസ്‌ക് തയാറാക്കുന്ന തിരക്കിലാണ് രാജകുമാരി വൊക്കേണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബ്ലെസിയും, ബാലാമണിയും. ആയിരത്തോളം മാസ്‌കുകള്‍ ഇതിനോടകം ഇവര്‍ നിര്‍മിച്ചു. എന്‍.എസ്.എസ് വാളണ്ടിയര്‍മാരായ ഇവര്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് മാസ്‌കുകള്‍ തയ്യാറാക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി മാസ്‌ക്ക് നിര്‍മിച്ച് നല്‍കുന്നതിന് എന്‍.എസ്.എസ് യൂണിറ്റ് തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി സ്‌കൂളിനടുത്ത് താമസിക്കുന്ന ബാലാമണിയും, ബ്ലെസിയും ഈ ദൗത്യം ഏറ്റെടുത്തു. വേണ്ട സഹായങ്ങളുമായി വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപിക സി.എം റീനയും എത്തി. സ്‌കൂളില്‍ കുട്ടികള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കുന്ന യൂണിറ്റിലാണ് മാസ്‌ക്ക് നിര്‍മ്മാണം നടത്തുന്നത്.
ആദ്യ ഘട്ടത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, വിഎച്ച്എസ്എസ് പരിക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മാസ്‌ക്കുകളാണ് തയ്യാറാക്കുക. സ്‌കൂള്‍ തുറന്നാല്‍ എത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി മാസ്‌ക്കുകള്‍ വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. അധ്യാപകരുടേയും പിറ്റിഎ കമ്മറ്റിയുടേയും സഹായത്തോടെയാണ് മാസ്‌ക്കുകള്‍ സൗജന്യ വിതരണത്തിനായി തയ്യാറാക്കുന്നത്.