ഇടുക്കി: സേനാപതി മാർ ബേസിൽ വൊക്കേഷണൽ ഹയർസെക്കന്‍ററി സ്‌കൂളിലെ വിദ്യാർഥികൾ നെൽകൃഷിക്ക് തുടക്കം കുറിച്ചു. 'നടീൽ മഹോത്സവം' എന്ന പേരിൽ മേലെ ചെമ്മണ്ണാറിലെ അരയേക്കർ പാടശേഖരത്തിലാണ് വിദ്യാർഥികൾ കൃഷിയിറക്കിയത്. മലയോരമേഖലയിലേക്ക് നെൽകൃഷി തിരികെ എത്തിക്കുക, നെൽകൃഷിയുടെ പ്രധാന്യം പുതുതലമുറക്ക് പകർന്നു നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നെൽകൃഷിക്ക് തുടക്കം കുറിച്ചത്.
വിത്ത് പാകി മുളപ്പിക്കുന്നത് മുതൽ പാടം ഉഴുതുമറിച്ചു ഞാറു നടുന്നത് വരെയുള്ള കാര്യങ്ങളിൽ വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു. സ്‌കൂളിലെ എൻഎസ്‌എസ് യൂണിറ്റിന്‍റെയും ഫാർമേഴ്‌സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജ്യോതി ഇനത്തിൽപ്പെട്ട വിത്തിനമാണ് കൃഷി ചെയ്‌തത്.