ഇടുക്കി: എംജി സർവകലാശാലയ്ക്ക് കീഴിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാനില്ലെന്ന് പരാതി. തൊടുപുഴ ന്യൂമാൻ കോളജിലെ അഞ്ചാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷനിലെ 20 വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. മൂല്യനിർണയത്തിനായി നൽകിയ അധ്യാപകന്‍റെ പക്കൽ നിന്നാണ് ഉത്തരക്കടലാസുകൾ കാണാതായത്.
അധ്യാപകന്‍റെ പിഴവെന്ന് വിശദീകരണം
മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ പക്കൽ നിന്നും ഉണ്ടായ പിഴവാണെന്നാണ് കോളജ് അധികൃതരുടെയും സർവകലാശാലയുടെയും വിശദീകരണം. എന്നാൽ ഉത്തര കടലാസുകൾ നഷ്‌ടപ്പെട്ട വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന സർവകലാശാലയുടെ ആവശ്യം വിദ്യാർഥികൾ അംഗീകരിച്ചിട്ടില്ല.
കോസ്റ്റ് അക്കൗണ്ടിങിന്‍റെ ഉത്തരക്കടലാസുകളാണ് കാണാതായത്. സപ്ലിമെന്‍ററി പരീക്ഷയുടെ രജിസ്ട്രേഷൻ കാലാവധി പൂർത്തിയായെങ്കിലും ഈ 20 വിദ്യാർഥികൾക്കും സൗജന്യമായി പരീക്ഷയെഴുതാനുള്ള അവസരം ഒരുക്കുമെന്ന് കോളജ് അധികൃതർ വ്യക്തമാക്കി.
എന്നാൽ ഇന്‍റേർണൽ മാർക്കിന്‍റെ അടിസ്ഥാനത്തിൽ ജയിപ്പിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്നും വിദ്യാർഥികൾ അറിയിച്ചു.
ALSO READ: ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു