ഇടുക്കി: പൊന്മുടി ജലാശയത്തിൽ കള്ളിമാലി ഭാഗത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍തിയെ കാണാതായി. മൂന്നാർ എൻജിനീയറിങ് കോളജ് വിദ്യാർഥി അലനെയാണ് (18) കാണതായത്. കുരുവിളസിറ്റി കയ്യാലക്കൽ പരേതനായ ഡിക്സ്ന്‍റെയും, ചിന്നക്കനാലിൽ സ്വകാര്യ സ്കൂളിൽ അധ്യാപികയായ സുജാതയുടെയും മകനാണ്. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് നാലോടെയാണ് സംഭവം.
സമപ്രായക്കാരായ അഞ്ച് സുഹൃത്തുക്കൾക്കൊപ്പം കള്ളിമാലി വാരിയാനിപ്പടി ഭാഗത്ത് ജലാശയത്തിൽ കുളിക്കുന്നതിന് എത്തിയതായിരുന്നു അലൻ. കരയിൽ എത്തിയപ്പോൾ തന്നെ വെള്ളത്തിലേയ്ക്ക് എടുത്തുചാടുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. സുഹൃത്തുക്കൾ ബഹളം വച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വിവരമറിയിച്ചതിനെ തുടർന്ന് അടിമാലി ഫയർഫോഴ്സ് യൂണിറ്റും, രാജാക്കാട് പൊലീസും സ്ഥലത്തെത്തി.
സൂര്യനെല്ലി ഭാഗത്തായിരുന്നു കുടുംബം മുൻപ് താമസിച്ചിരുന്നത്. ഏതാനും മാസം മുൻപാണ് കുരുവിള സിറ്റിയിൽ എത്തിയത്. അലനായുള്ളു തെരച്ചില്‍ പുരോഗമിക്കുകയാണ്.