ഇടുക്കി: നിര്‍മാണ നിരോധനം ഇടുക്കി ജില്ലയിൽ ടൂറിസം വികസനത്തിന് പ്രതിസന്ധി സൃഷ്‌ടിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം മേഖലയില്‍ പുതിയ രീതികൾ ആലോചിച്ച് മുമ്പോട്ട് പോകേണ്ടതുണ്ട്. കെട്ടിട നിര്‍മ്മാണത്തിന് തടസം വരാത്ത സംവിധാനങ്ങള്‍ ഇടുക്കിയില്‍ പ്രത്യേകമായി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിര്‍മാണ നിരോധനം ഇടുക്കിയിലെ സമസ്ത മേഖലയിലും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധം ജില്ലയില്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇടുക്കിയുടെ വികസന പ്രതീക്ഷയായ ടൂറിസം മേഖലയ്ക്കും നിര്‍മാണ നിരോധനം തിരിച്ചടിയായി മാറുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതിയായ കാരവാന്‍ ടൂറിസം പോലുള്ള പദ്ധതി ഇടുക്കിയില്‍ ആരംഭിക്കുന്നതിന് അനുമതി ലഭിക്കാത്ത സഹാചര്യം ഉണ്ടായിരുന്നു. ഇത്തരത്തില്‍ നിര്‍മാണ നിരോധനം ഇടുക്കിയുടെ സമഗ്രമായ വികസനത്തിന് വിലങ്ങുതടിയായി മാറുന്നുവെന്നത് ശരിവെക്കുന്നതാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം.