ഇടുക്കി: സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.അബ്‌ദുല്‍ ഹക്കീം തൊടുപുഴയില്‍ സിറ്റിങ് നടത്തി. തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 10 പരാതികളാണ് പരിഗണിച്ചത്. വിവരാവകാശ അപേക്ഷകള്‍ക്ക് കൃത്യസമയത്ത് മറുപടി നല്‍കാത്തതും അപൂര്‍ണമായ മറുപടി നല്‍കിയതുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങ്ങിലെത്തിയതില്‍ ഭൂരിഭാഗവും.
പരാതിക്കാര്‍ക്ക് പുറമെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും കമ്മീഷന്‍ വിളിച്ച് വരുത്തിയിരുന്നു. യുക്തി രഹിതമായ മറുപടി നല്‍കിയ ഉദ്യോഗസ്ഥരെ കമ്മീഷണര്‍ പരസ്യമായി ശാസിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട സേവനങ്ങളെക്കുറിച്ചും കമ്മീഷണര്‍ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു.
അപേക്ഷ സമര്‍പ്പിച്ചിട്ടും പല കാരണങ്ങള്‍ കൊണ്ടും നല്‍കാതിരുന്നതും വിവിധ ഓഫിസുകളില്‍ പൂഴ്ത്തിവച്ചതുമായ രേഖകള്‍ കമ്മീഷന്‍ വിളിച്ച് വരുത്തി പരാതിക്കാര്‍ക്ക് ലഭ്യമാക്കി. സിറ്റിങ്ങിലേക്ക് എത്തണമെന്ന് കമ്മീഷണര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും എത്താന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു.
ചില ഉദ്യോഗസ്ഥരോട് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാകാനും നിര്‍ദേശം നല്‍കി. മറുപടി നല്‍കുന്നതില്‍ ഉള്‍പ്പെടെ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കമ്മീഷണര്‍ ശുപാര്‍ശ ചെയ്‌തു.