ഇടുക്കി: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനോജ് കുമാര്‍ കെ.വി പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ എത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തി ഭാവി സംരക്ഷിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് മനോജ് കുമാര്‍ കെ.വി പറഞ്ഞു. കുട്ടികളുടെ ജീവിതം സംരക്ഷിക്കാന്‍ നടപടി കൈ കൊള്ളും. ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തും.
വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയാം വിധം നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അതിനു വേണ്ടുന്ന നടപടി സ്വീകരിക്കും. ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം കൃത്യമായി ലഭ്യമാക്കുന്ന കാര്യത്തിലും പരിശോധന നടത്തുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
ഉച്ചക്കുശേഷമായിരുന്നു മനോജ് കുമാര്‍ കെ.വി പെട്ടിമുടിയില്‍ എത്തിയത്. ദുരന്തത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട് മൂന്നാര്‍ കോളനിയിലെ ബന്ധുവീട്ടില്‍ താമസിച്ചു വരുന്ന രണ്ട് കുട്ടികളെ വീട്ടിലെത്തി നേരില്‍ കണ്ട് മനോജ് കുമാര്‍ കെ.വി ആശ്വസിപ്പിച്ചു. കമ്മീഷന്‍ അംഗം സി വിജയകുമാറും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനൊപ്പമുണ്ടായിരുന്നു.