ഇടുക്കി: ബജറ്റില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതായി ജില്ലയിലെ തോട്ടം മേഖലയിലെ കര്‍ഷക സംഘടനകള്‍. കർഷകരുടെ ദീർഘനാളത്തെ ആവശ്യങ്ങൾ ബജറ്റില്‍ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ ചെറുകിട ഇടത്തരം ഏലം കർഷക അസോസിയേഷൻ ജനറൽ സെക്രട്ടറി ജോൺസൺ കൊച്ചുപറമ്പൻ പറഞ്ഞു. കുരുമുളക്, കാപ്പി, ചെറുകിട തേയില കർഷകർക്കും വിലസ്ഥിരത ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
ലോകോത്തര നിലവാരത്തിലുള്ള ഏലമാണ് ഉടുമ്പൻചോലയിൽ നിന്നും ഉത്‌പാദിപ്പിക്കുന്നത്. എന്നാല്‍ സംസ്ഥാന ബജറ്റുകളില്‍ ഏലത്തിന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് കർഷക സംഘടനകളുടെ പരാതി.
മേഖലയിൽ നടപ്പാക്കേണ്ട നിരവധി പദ്ധതികൾ കർഷകരും വിവിധ സംഘടനകളും ഗവൺമെന്‍റിലേക്ക് സമർപ്പിച്ചെങ്കിലും ഇവയൊന്നും ഇതുവരെയും നടപ്പിലായിട്ടില്ലന്ന് ചെറുകിട ഇടത്തരം ഏലം കർഷക അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഏലം സംസ്‌കരണ ശാലകൾക്ക് കാർഷിക നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക, പഞ്ചായത്തുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കുക, ഏലം വെയർ ഹൗസിൽ സൂക്ഷിച്ച് വായ്‌പ ലഭ്യമാക്കുക, ജലസേചന, സംസ്‌കരണ മേഖലയ്ക്ക് ആവശ്യമുള്ള സബ്‌സിഡികൾ ലഭ്യമാക്കുക, ചെറുകിട കർഷകർക്ക് വിളവെടുപ്പിനുൾപ്പെടെ തൊഴിലുറപ്പ് പദ്ധതി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണുള്ളത്.