ഇടുക്കി: ജില്ലയിൽ മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം. 50,100, രൂപയുടെ മുദ്രപത്രങ്ങള്‍ക്കാണ് പ്രധാനമായും ലഭ്യത കുറവ്. വാഹന കരാറുകള്‍, വാടക ചീട്ട്, സമ്മതപത്രം തുടങ്ങി വിവിധ കാരാറുകള്‍ക്ക് 100 രൂപയുടെ മുദ്രപത്രങ്ങളാണ് സാധാരണ നിലയില്‍ ഉപയോഗിക്കുന്നത്.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍, ജനന മരണ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് തുടങ്ങിയവക്കൊക്കെ 50 രൂപ പത്രങ്ങളാണ് ആവശ്യം. ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം നേരിട്ട് തുടങ്ങിയതോടെ ആളുകള്‍ക്ക് വലിയ തുകയുടെ മുദ്രപത്രങ്ങള്‍ വാങ്ങി കാരാറുകള്‍ നടത്തേണ്ട സാഹചര്യമാണ് നിലവിൽ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചെറിയ മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം നേരിടുകയും പിന്നീട് ലഭ്യത സാധാരണ നിലയിലേക്കെത്തുകയും ചെയ്‌തിരുന്നു.
കറന്‍സി നോട്ട് പ്രിന്‍റ് ചെയ്യുന്ന നാസിക്കിലെ സെക്യൂരിറ്റി പ്രസിലാണ് മുദ്രപത്രവും അച്ചടിക്കുന്നത്. ലോക്ക് ഡൗണ്‍ കാലയളവില്‍ നാസിക്കില്‍ നിന്ന് കേരളത്തിലേക്ക് മുദ്രപത്രങ്ങള്‍ എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു.നേരത്തെ ആവശ്യം പോലെയുണ്ടായിരുന്ന 500 രൂപയുടെ മുദ്രപത്രങ്ങളും ഇപ്പോള്‍ വേണ്ടരീതിയില്‍ ലഭ്യമല്ലെന്ന പരാതിയും ഉയരുന്നുണ്ട്.