ഇടുക്കി : 13 വയസുകാരനെ കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങിയതല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. കയറിൽ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്നും പൊലീസ് പറയുന്നു.
ഇടുക്കി നെടുങ്കണ്ടത്ത് വെള്ളിയാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. വാഴവര പരപ്പനങ്ങാടി മടത്തും മുറിയിൽ ബിജു ഫിലിപ്പ്, സൗമ്യ ദമ്പതികളുടെ മകൻ ജെറോൾഡ് ആണ് ബന്ധുവീട്ടിൽ മരിച്ചത്. ഓൺലൈൻ ക്ലാസ് കഴിഞ്ഞിട്ടും ജെറോൾഡിനെ കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ടെറസിന് മുകളിൽ കയറിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. കാലുകൾ രണ്ടും കൂട്ടികെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇവിടെ നിന്നും ഒരു ഷോളും കസേരയും പൊലീസ് കണ്ടെത്തി.
READ MORE: കളിയ്ക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 13 വയസുകാരൻ മരിച്ചു
കാലിൽ കയർ ചുറ്റിക്കെട്ടിയ സാഹചര്യമാണ് പൊലീസ് പരിശോധിക്കുന്നത്. സ്വയം തൂങ്ങിമരിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രദേശത്ത് ഇന്‍റലിജൻസ് വിഭാഗവും അന്വേഷണം നടത്തി. അപരിചിതരായവർ എത്തിയോ എന്നുള്ള കാര്യവും പൊലീസ് പരിശോധിച്ചുവരുന്നു.പ്രദേശവാസികളിൽ നിന്നും ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. ജെറോൾഡ് ഉപയോഗിച്ചിരുന്ന ഫോണും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തി.
മരണകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുകയാണെന്ന് കട്ടപ്പന ഡിവൈഎസ്‌പി പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിക്കും. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.