ഇടുക്കി: കൊവിഡാനന്തര വിനോദ സഞ്ചാരത്തിനായി പ്രത്യേക പാക്കേജുകള്‍ ഒരുക്കാന്‍ ഇടുക്കിയിലെ ഹോംസ്‌റ്റേ, റിസോര്‍ട്ട് ഉടമകളുടെ കൂട്ടായ്‌മ പദ്ധതികള്‍ തയ്യാറാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുതിയ ഡെസ്റ്റിനേഷനുകളിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കും. നിലവിലെ സാഹചര്യത്തില്‍ സ്ഥാപന ഉടമകളും തൊഴിലാളികളും ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ഓണ്‍ലൈന്‍ സെമിനാറുകളും പദ്ധതി പ്രകാരം നടത്തി വരികയാണ്.
ലോക്ക്ഡൗണിന് ശേഷം ഇടുക്കിയിലേയ്ക്ക് ആഭ്യന്തര ടൂറിസ്റ്റുകള്‍ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ. വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സമാനമായ സുരക്ഷിതത്വം ഹോം സ്‌റ്റേകളില്‍ ഒരുക്കും. കൂടാതെ ഇടുക്കിയിലെ സ്‌പൈസ് ടൂറിസം, മണ്‍സൂണ്‍ ടൂറിസം സാധ്യതകളും പ്രയോജനപെടുത്തി സഞ്ചാരികളെ ആകര്‍ഷിയ്ക്കാനാവുമെന്നും പ്രതീക്ഷിക്കുന്നു. വിവിധ മേഖലകളിലുള്ള ഹോംസ്‌റ്റേ, റിസോര്‍ട്ട് ഉടമകളുടെ സഹകരണത്തോടെ കുറഞ്ഞ നിരക്കില്‍ പാക്കേജുകളും ലഭ്യമാക്കും.
ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്ക് ശേഷം സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി സ്വീകരിയ്‌ക്കേണ്ട കാര്യങ്ങള്‍ വിദഗ്‌ധരുടെ സഹായത്തോടെ ഉടമകളെ അറിയിക്കുന്നുണ്ട്. ലോക്ഡൗണിനെ തുടര്‍ന്ന് ഏറ്റവും അധികം പ്രതിസന്ധി നേരിട്ട മേഖലയാണ് ടൂറിസം. ബാങ്ക് വായ്പകളുടെ തിരിച്ചടവ് പോലും മുടങ്ങിയതിനാല്‍ പല സംരംഭകരും മാനസിക സമ്മർധവും നേരിടുന്നുണ്ട്. ഇവര്‍ക്ക് ഊർജ്ജം പകരുന്നതിനായി കൗണ്‍സലിങ് നടത്താനും അസോസിയേഷന്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.
കൂടുതൽ വായനയ്‌ക്ക്: റോഡ് നിര്‍മാണത്തിന്‍റെ മറവില്‍ മരം മുറിച്ച സംഭവം; അനധികൃതമെന്ന് ജില്ലാ ഭരണകൂടം