ഇടുക്കി: എംഎം മണി എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിൻ്റെ ടയർ ഊരിത്തെറിച്ച് അപകടമുണ്ടായ സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്‍റെ ടയർ ഊരിയുള്ള അപകടം ഉണ്ടാകുന്നത് ഇത് നാലാം തവണയാണ്. ടയറിന്‍റെ നട്ടുകൾ ഊരിയ നിലയിലും ഒടിഞ്ഞു മാറിയ നിലയിലും കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം.
ഇന്നലെ രാവിലെ (ഒക്‌ടോബർ 25) കൂട്ടാർ സർവീസ് സഹകരണ ബാങ്കിൻ്റെ കമ്പംമെട്ടിലെ ശാഖയുടെ ഉദ്ഘാടനത്തിനായി എത്തുന്നതിനിടെയാണ് അപകടം നടന്നത്. വാഹനത്തിൻ്റെ ഇടതുഭാഗത്തെ പിൻചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ച് വീഴുകയായിരുന്നു. കേരള-തമിഴ്‌നാട് അതിർത്തിയായ കമ്പംമെട്ട് ചെക്ക്പോസ്റ്റിന് സമീപം 100 മീറ്റർ മാറിയാണ് അപകടമുണ്ടായത്.
അപകടം നാലാം തവണ: എംഎം മണിയും പിഎമാരും വാഹനത്തിനുള്ളിലുണ്ടായിരുന്നു. വാഹനത്തിന് വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി. 2018ൽ അദ്ദേഹം മന്ത്രിയായിരിക്കെ മേയ് 26നും സമാന രീതിയിൽ അപകടം നടന്നിരുന്നു. കുമളി–മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടത്തിന് സമീപം കൽകൂന്തലിൽ വച്ച് എംഎം മണി സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ നിന്നും തെന്നി നീങ്ങുകയായിരുന്നു.
ഇതിനെ തുടർന്ന് എസ്കോർട്ടിനെത്തിയ പൊലീസും എംഎം മണിക്കൊപ്പമുണ്ടായിരുന്നവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് കാറിന്‍റെ പിന്നിലെ ടയറിന്‍റെ നട്ടിൽ ഒന്ന് ഊരിപ്പോയ നിലയിലും മറ്റൊന്ന് പകുതി ഊരിയ നിലയിലും കണ്ടെത്തിയത്. തുടർന്ന് പൊലീസും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരും ചേർന്ന് നട്ടുകൾ മുറുക്കിയശേഷമാണ് യാത്ര തുടർന്നത്.
അന്നത്തെ സംഭവത്തിൽ കൊലപാതക ശ്രമം വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. ഈ കേസ് പിന്നീട് എഴുതി തള്ളി. ഇതിന് ശേഷം മന്ത്രിയായിരുന്ന സമയത്ത് തന്നെ മറ്റൊരു തവണയും ചക്രത്തിന്‍റെ നട്ടുകൾ ഊരിയ നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടാം തവണ എംഎൽഎ ആയ ശേഷം രണ്ട് തവണയാണ് വാഹനം സമാനാമായ അപകടത്തിൽപ്പെടുന്നത്.
എംഎം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ച് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റ സംഭവവും നടന്നിരുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.