ഇടുക്കി: പാമ്പ് കടിയേറ്റ ഒന്നരവയസുകാരനെ ഇരുപത് മിനുറ്റ് കൊണ്ട് പ്രാഥമിക ചികിത്സയ്‌ക്കായി രാജകുമാരിയില്‍ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. രാജകുമാരിയിലെ വാഹിനി എന്ന ആംബുലന്‍സില്‍ ഡ്രൈവര്‍ ജിജോ മാത്യുവാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. എമര്‍ജന്‍സി മിഷന്‍ സര്‍വീസിന്‍റെ ഭാഗമായി ആംബുലന്‍സ് ഡ്രൈവര്‍ ജിന്‍റോ വിവരം സമൂഹ മാധ്യമങ്ങളില്‍ കൈമാറിയതിനെ തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകരുടെയും, പൊലീസിന്‍റെയും ഇടപെടലിലൂടെയാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാമ്പ് കടിയേറ്റ കുട്ടിയുമായെത്തുന്ന ആംബുലന്‍സിന് വഴിയൊരുക്കാന്‍ സന്നധ പ്രവര്‍ത്തകര്‍ റോഡിന്‍റെ പലഭാഗത്തും കാത്ത് നിന്നു. തിരക്കേറിയ ടൗണുകളില്‍ ഗതാഗതം നിയന്ത്രിച്ച് പൊലീസും വാഹനത്തിന് സുഗമമായി കടന്ന് പോകാന്‍ വഴിയൊരുക്കുകയായിരുന്നു. രാജകുമാരിയില്‍നിന്നും ഇരുപത് മിനുറ്റില്‍ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് കുട്ടിക്ക് പ്രാഥമിക ശിശ്രൂഷ നല്‍കിയത്.
തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അടിമാലിയില്‍ നിന്നും ഒന്നരമണിക്കൂര്‍ കൊണ്ടാണ് ആംബുലന്‍സ് ഡ്രൈവര്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചത്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികതൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വെെകുന്നേരം അഞ്ചരയോടെയാണ് മാങ്ങാത്തൊട്ടി സ്വദേശികളായ ദമ്പതികളുടെ ഒന്നര വയസുള്ള മകനെ പാമ്പ് കടിക്കുന്നത്. കുട്ടിയുടെ മുത്തച്ഛനും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ പാമ്പ് കടിച്ച വിവരം ആംബുലന്‍സ് ഡ്രൈവറെ നാട്ടുകരില്‍ ഒരാള്‍ അറിയച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ മറ്റൊരു വാഹനത്തിലാണ് ഒന്നരവയസുകാരനെ രാജകുമാരിയിലെത്തിച്ചത്.