ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന്‍റെ തെളിവെടുപ്പ് പൂർത്തിയായി. കൊലപാതകം നടന്ന ദിവസം കുട്ടിക്ക് നൽകാനായി പ്രതി ചോക്ലേറ്റ് വാങ്ങിയിരുന്നു. ഈ കടയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ പ്രതിയെ തിരിച്ചറിഞ്ഞു.
ഇന്ന് ഉച്ച കഴിഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പെൺകുട്ടിയുടെ വീട് സന്ദർശിക്കും. വൈകിട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഏലപ്പാറയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ ജ്വാലയിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും
വണ്ടിപെരിയാർ കൊലപാതകം
എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിൽ ആയിരുന്നു ജൂൺ 30ന് കുട്ടിയെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ പെൺകുട്ടി കടുത്ത പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടത്തിലെ സൂചനകൾ. പെൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു.
READ MORE: വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം; പ്രതി പിടിയിൽ