ഇടുക്കി: പുല്ലകണ്ടത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കുത്തിയിരിപ്പ് സമരം നടത്തി അമ്മയും മകനും. വിവി ജോയിയാണ് വൃദ്ധമാതാവിനൊപ്പം കുത്തിയിരിപ്പ് സമരം നടത്തിയത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വീട് നിർമിക്കുന്നതിനായി മണ്ണ് നീക്കുന്നത് മൂലം ഇവരുടെ വീട് അപകടാവസ്ഥയിലായെന്ന് ആരോപിച്ചാണ് ജോയിയും കുടുംബവും പ്രതിഷേധിച്ചത്.
വിഷയത്തിൽ ജില്ലാ കലക്‌ടർക്കും മുഖ്യമന്ത്രിക്കുമടക്കം ജോയി പരാതി നൽകിയിരുന്നു. നടപടി ഉണ്ടാവാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ ആസ്ഥാനത്ത് നടന്ന അദാലത്തിലും പരാതി നൽകി. തുടർന്നും യാതൊരു നടപടിയും ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് ജോയിയും കുടുംബവും കുത്തിയിരുപ്പ് സമരം നടത്തിയത്.
2018ലെ പ്രളയത്തിൽ ഈ മേഖലയിലെ വീടുകൾകൾക്ക് വ്യാപകമായ കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് ജിയോളജി വകുപ്പ് പരിശോധന നടത്തുകയും പ്രദേശം പുതിയതായി വീടുകൾ വെക്കാൻ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു.