ഇടുക്കി: ഹൈറേഞ്ചിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു കൗതുക കാഴ്ച്ചയുണ്ട്. ഒരു കുടുംബത്തിലെ ചേച്ചിയും അനുജത്തിയും മത്സരിക്കുന്നത് ഇടത് വലത് മുന്നണികളിൽ. എൽ.ഡി.എഫ് സ്ഥാനാർഥിയായി ചേച്ചി ഉപ്പുതറ പഞ്ചായത്തിൽ മത്സരിക്കുമ്പോൾ അനുജത്തി യു.ഡി.എഫ് സ്ഥാനാർഥിയായി ബ്ലോക്ക് പഞ്ചായത്തിലേക്കും ജനവിധി തേടുന്നു.
ഉപ്പുതറ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ സി.പി.എം സ്ഥാനാർഥിയാണ് ഷീലാ രാജൻ. മഹിള അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം, സി.പി.എം ഏലപ്പാറ ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിലും ഇവർ പ്രവർത്തിച്ചു വരുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലെ അയ്യപ്പൻകോവിൽ ആനവിലാസം ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് ശൈല വിനോദ്. അയ്യപ്പൻകോവിൽ സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം, കട്ടപ്പന താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളില്‍ ഇവർ പ്രവർത്തിച്ചുവരുന്നു.
ചേച്ചിയും അനുജത്തിയും വിവാഹം കഴിച്ചെത്തിയത് ഒരു കുടുംബത്തിലാണ്. പാലാ കൊല്ലപ്പള്ളി വാരിയാനിയിൽ പരേതനായ രാഘവൻ്റെയും, പത്മാവതിയുടേയും മക്കളായ ഷീലാ രാജനും, ഷൈലാ വിനോദും അയ്യപ്പൻകോവിൽ ചെമ്പൻകുളം തറവാട്ടിലെ മരുമക്കളാണ്. റിട്ട.പൊലീസ് ഉദ്യോഗസ്ഥനായ രാജനാണ് ഷീലയുടെ ഭർത്താവ്. കർഷകനായ വിനോദാണ് ഷൈലയുടെ ഭർത്താവ്. സഹോദരിമാർ തമ്മിൽ കണ്ടുമുട്ടുമ്പോൾ ഇവർ രാഷ്‌ട്രീയ കാര്യങ്ങൾ ചർച്ച വിഷയമായി എടുക്കാറില്ല. ഇടത് പക്ഷത്തും വലത് പക്ഷത്തും മത്സരിക്കുന്ന സഹോദരിമാരിൽ ആർക്കാണ് വിജയമെന്ന് കാത്തിരിക്കുകയാണ് ഹൈറേഞ്ച്.