ഇടുക്കി: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഒരു വര്‍ഷം മുമ്പ് നേര്യമംഗലം പാലത്തില്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ നീലക്കുറിഞ്ഞി വസന്തത്തിന് മുന്നോടിയായി തിരക്കൊഴിവാക്കുന്നതിനായാണ് പാലത്തിന്‍റെ ഇരുവശങ്ങളിലും സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. നിശ്ചിത ഇടവേളകളില്‍ പാലത്തിന്റെ ഇരു ദിശകളിലേക്കും വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും കൃത്യമായ രീതിയില്‍ അവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. രാത്രികാലങ്ങളില്‍ പാലത്തില്‍ ഗതാഗതക്കുരുക്കും വാക്കേറ്റവും പതിവാണെന്നാണ് സമീപവാസികള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം പാലത്തിന് മധ്യത്തില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഒരു വലിയ വാഹനത്തിനും ചെറു വാഹനത്തിനും കടന്നു പോകാന്‍ത്തക്ക വിസ്താരമാണ് നേര്യമംഗലം പാലത്തിനുള്ളത്. രാത്രികാലത്ത് പാലത്തിലെ വെളിച്ചക്കുറവ് മൂലം പരസ്പരം തിരിച്ചറിയാതെ വലിയ വാഹനങ്ങള്‍ ഒരേ സമയം പാലത്തില്‍ കയറുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നെങ്കിലും ഫലവത്താകാതെ വന്നതോടെയാണ് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. സമയക്രമം പാലിച്ച് പാലത്തിലൂടെ വാഹനം കടന്നു പോകും വിധം സിഗ്നല്‍ ലൈറ്റുകള്‍ ക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.