ഇടുക്കി: നെടുങ്കണ്ടം ചാറല്‍മേട്ടില്‍ ഉറ്റവര്‍ കയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് അയല്‍വാസികളുടെ സംരക്ഷണതയിൽ കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്‍റെ സംരക്ഷണം ഏറ്റെടുത്ത് നെടുങ്കണ്ടം അസീസി സ്‌നേഹാശ്രമം. ജനപ്രതിനിധികളും ജനമൈത്രി പൊലീസും അയല്‍വാസികളും ചേര്‍ന്നാണ് 38കാരനായ മനീഷിനെ സുരക്ഷിത ഇടത്തിലേക്ക് മാറ്റിയത്. മനീഷിനെ കുറിച്ച് ഇടിവി ഭാരത് നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
തുണയായി അയല്‍വാസികള്‍: എട്ട് വര്‍ഷം മുന്‍പ് മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് തുടങ്ങിയതിന് പിന്നാലെ ഉറ്റ ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ ചാറല്‍മേട്ടിലെ ചെറിയ വീടിനുള്ളില്‍ ഒറ്റയ്‌ക്കായി മനീഷിന്‍റെ താമസം. ആരും സംരക്ഷിക്കാനില്ലാതായതോടെ അയല്‍വാസികള്‍ മനീഷിന്‍റെ കാര്യങ്ങള്‍ ഏറ്റെടുത്തു. ഭക്ഷണം എത്തിച്ചുനല്‍കുന്നതും കുളിപ്പിക്കുന്നതും വസ്‌ത്രം ധരിപ്പിക്കുന്നതുമെല്ലാം അയല്‍വാസികളായിരുന്നു.
Read more: മനസിന്‍റെ താളം തെറ്റിയപ്പോള്‍ ഉറ്റവർ കയ്യൊഴിഞ്ഞു ; മനീഷിന് തുണയായി അയല്‍വാസികള്‍
ഓര്‍മ കുറവ് പ്രകടിപ്പിച്ചിരുന്ന മനീഷ് ആരോടും അധികം സംസാരിക്കാറില്ല. കുറച്ചുനാളുകളായി അടുത്ത് ആരുമില്ലെങ്കില്‍ മനീഷ് വീട്ടില്‍ നിന്ന് ഇറങ്ങി എങ്ങോട്ടെന്നില്ലാതെ പോകും. പലപ്പോഴും മണിക്കൂറുകളോളം അന്വേഷിച്ചാണ് മനീഷിനെ തിരികെ എത്തിക്കുന്നത്. കൂലിപ്പണിയും മറ്റും ചെയ്‌ത് കുടുംബം പുലര്‍ത്തുന്ന അയല്‍വാസികള്‍ക്ക് എപ്പോഴും മനീഷിനെ ശ്രദ്ധിക്കാന്‍ കഴിയാറില്ലായിരുന്നു. മനീഷ് ഇറങ്ങി പോകുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ വീട് പുറത്ത് നിന്നും പൂട്ടിയിടുകയല്ലാതെ ഇവര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതായി.
സംരക്ഷണമൊരുക്കി സ്‌നേഹാശ്രമം: അയല്‍വാസികളുടേയും ജനപ്രതിനിധികളുടെയും ജനമൈത്രി പൊലീസിന്‍റെയും നേതൃത്വത്തിൽ മനീഷിനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൈക്യാട്രിസ്റ്റിനെ കാണിച്ചു. ചികിത്സിച്ച് ഭേദമാക്കാവുന്ന മാനസികാസ്വാസ്ഥ്യം മാത്രമേ മനീഷിനുള്ളുവെന്നാണ് ഡോക്‌ടർമാർ പറഞ്ഞത്. തുടര്‍ന്ന് യുവാവിനെ നെടുങ്കണ്ടത്തെ അസീസി സ്‌നേഹാശ്രമത്തില്‍ എത്തിക്കുകയായിരുന്നു. മനീഷിന്‍റെ സംരക്ഷണവും തുടര്‍ ചികിത്സകളും ആശ്രമം ഏറ്റെടുത്തിട്ടുണ്ട്.