ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതം. ദുരന്തഭൂമിയില്‍ മൂന്നാംഘട്ട തെരച്ചില്‍ ആരംഭിച്ചു. ഇവിടെ നിന്നും മണ്ണ് കോരി മറ്റൊരിടത്തേക്ക് മാറ്റിയാണ് സൂഷ്മമായ തെരച്ചില്‍ നടത്തുന്നത്. പുഴയിലും തെരച്ചില്‍ തുടരുകയാണ്. ഇന്ന് നടത്തിയ തെരച്ചിലില്‍ രണ്ട് പേരെ കണ്ടെത്തിയത് പുഴയില്‍ നിന്നാാണ്. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി.
ഉറ്റവര്‍ക്കായുള്ള തെരച്ചില്‍ തുടരണമെന്ന ബന്ധുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പെട്ടിമുടിയാറിലും ദുരന്തഭൂമിയിലും തെരച്ചില്‍ വീണ്ടും ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ലയങ്ങള്‍ ഒലിച്ചുപോയ ഭാഗത്തെ രണ്ട് ഘട്ടമായുള്ള തെരച്ചില്‍ പൂര്‍ത്തിയായിരുന്നു. ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മണ്ണും ചെളിയും മണ്ണ് മാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് ലോറിയില്‍ കയറ്റി മറ്റൊരിടത്തേയ്ക്ക് മാറ്റിയുള്ള സൂഷ്മമായുള്ള തെരച്ചിലാണ് നടത്തുന്നത്.
ഇതോടൊപ്പം പെട്ടിമുടിയാറിലും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പെട്ടിമുടിയാർ ചെന്ന് ചേരുന്ന കടലാര്‍, കടലാര്‍ ചേരുന്ന കരിമ്പരിയാര്‍ എന്നിവിടങ്ങളിലും തെരച്ചില്‍ നടത്താനാണ് തീരുമാനം. ഡോഗ് സ്‌ക്വാഡ് പുഴയോരത്തും തെരച്ചില്‍ നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ മറ്റുള്ളവരെ കൂടി കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാ പ്രവര്‍ത്തകര്‍.