ഇടുക്കി: ശാന്തൻപാറ കഴുതക്കുളംമേട്ടില്‍ യുവാവിനെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവത്തില്‍ പ്രതികൾക്കായുള്ള തെരച്ചില്‍ ശക്തമാക്കി അന്വേഷണ സംഘം. പ്രതി വസീം കൊല്ലപ്പെട്ട റെജീഷിന്‍റെ ഭാര്യ ലിജി, മകൾ എന്നിവർക്കായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. വസീം കുറ്റസമ്മതം നടത്തി വീഡിയോ സന്ദേശം അയച്ചതിന് ശേഷവും ഇവർ എവിടെയെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം, ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ വസീമിന്റെ സഹോദരനെയും സുഹൃത്തിനെയും പൊലീസ് വിട്ടയച്ചിട്ടില്ല.
ഇന്നലെ വൈകിട്ടോടെയായിരുന്നു പ്രതി വസീമിന്റെ കുറ്റ സമ്മതം നടത്തിയുള്ള വീഡിയോ ദൃശ്യം പൊലീസിന് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സിം ഓഫ് ചെയ്ത് വൈഫൈ ഉപയോഗിച്ചാണ് വീഡിയോ ദൃശ്യം അയച്ചതെന്ന് വ്യക്തമായി. വൈഫൈയുടെ ഐ.പി അഡ്രസ് കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ ഇരുവരെയും പാലായില്‍ വച്ച് കണ്ടതായി സ്വകാര്യ ബസ് ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ഫോണ്‍ കോളുകള്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.