ഇടുക്കി : തോട്ടം മേഖലയിലെ സ്‌കൂളുകളും വിദ്യാർഥികളെ സ്വീകരിക്കാൻ ഒരുങ്ങി. കുരുന്നുകളെ സ്വീകരിക്കാന്‍ സമ്മാന പൊതികളുമായാണ് പാമ്പാടുംപാറ ഗവ. എല്‍പി സ്‌കൂള്‍ കാത്തിരിക്കുന്നത്. പാമ്പാടുംപാറ ഗവ. എല്‍പി സ്‌കൂളിലെ വിദ്യാർഥികളില്‍ ഭൂരിഭാഗവും തോട്ടം തൊഴിലാളികളുടെ മക്കളാണ്. തമിഴ് ന്യൂനപക്ഷ വിദ്യാർഥികള്‍ക്കായി പ്രത്യേക പഠന സൗകര്യങ്ങളും സ്‌കൂളിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളം മീഡിയത്തില്‍ 38 വിദ്യാർഥികളും തമിഴ് മീഡിയത്തില്‍ 32 വിദ്യാർഥികളുമാണ് പഠിക്കുന്നത്. സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ക്ലാസ് മുറികൾ ഇതിനകം ചിത്രങ്ങൾക്കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. പ്രധാനാധ്യാപകന്‍ എ. എം മുരുകനും മകന്‍ നിര്‍മലും ചേര്‍ന്നാണ് ചിത്രങ്ങള്‍ വരച്ച് ക്ലാസ് മുറികൾ അലങ്കരിച്ചത്.
ALSO READ: ടി20 ലോകകപ്പ് : തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര, ന്യൂസിലാൻഡിന് 111 റണ്‍സ് വിജയലക്ഷ്യം
സ്‌കൂളിന്‍റെ അറ്റകുറ്റ പണികള്‍ക്കായി രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവായത്. ബിആര്‍സിയില്‍ നിന്നും ലഭ്യമായ ഇരുപത്തിഅയ്യായിരം രൂപയ്‌ക്കൊപ്പം ബാക്കി മുഴുവന്‍ തുകയും അധ്യാപകര്‍ ചേര്‍ന്ന് സ്വരൂപിയ്ക്കുകയായിരുന്നു. എല്ലാ കുട്ടികളെയും സമ്മാനങ്ങള്‍ നല്‍കിയാണ് പ്രവേശനോത്സവത്തില്‍ ക്ലാസുകളിലേക്ക് വരവേല്‍ക്കുക.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരിപ്പിടങ്ങളും തയ്യാറാക്കിയിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളുടേയും പിടിഎയുടേയും സഹകരണത്തോടെയാണ് സ്‌കൂളിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചത്.