ഇടുക്കി: സൈക്കിളും കൊലുസും വാങ്ങാനായി വച്ച പണം സഹപാഠിയുടെ അമ്മയുടെ ചികിത്സക്ക് ധനസഹായമായി നൽകി സൗഹൃദത്തിന്‍റെ വേറിട്ട മാതൃകയായിരിക്കുകയാണ് നെടുങ്കണ്ടം കൂട്ടാറിലെ ഒരു കൂട്ടം കുരുന്നുകൾ. കാലങ്ങളായി കരുതി വച്ച കുടുക്കയിലെ സമ്പാദ്യം കുരുന്നുകൾ സ്‌കൂൾ അധികൃതർക്ക് കൈമാറി.പത്ത് കുട്ടികളാണ് ഈ ധനസമാഹരണത്തിലേക്ക് സംഭാവന ചെയ്‌തത്.
ഇരു വൃക്കകളും തകരാറിലായ കൂട്ടാർ സ്വദേശിനി സുമിയുടെ ചികിത്സക്കായാണ് കുരുന്നുകൾ പണം നൽകിയത്. കൂട്ടാർ എസ്.എൻ.എൽ.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളായ കാർത്തികയും പൂജയും വിഷമത്തിലായിരുന്നു. ഒപ്പമിരുന്ന് പഠിച്ചിരുന്ന കൂട്ടുകാരി ദേവനന്ദ അമ്മക്കൊപ്പം ആശുപത്രിയിലാണ്.
സ്‌കൂൾ തുറക്കുമ്പോൾ ദേവനന്ദയും അനുജത്തി ദേവപ്രിയയും ക്ലാസിലെത്തണമെന്നാണ് ഈ കുരുന്നുകളുടെ ആഗ്രഹം.അതിന് അമ്മ ശസ്ത്രക്രിയക്ക് വിധേയയായി സുഖം പ്രാപിച്ച് തിരിച്ചെത്തണം.
അനൂപ്- സുമി ദമ്പതികളുടെ മക്കളായ ദേവനന്ദ നാലാം ക്ലാസിലും ദേവപ്രിയ രണ്ടാം ക്ലാസ് വിദ്യാർഥിയുമാണ്. ഒരു വർഷത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സുമി. ഈ മാസം 31ന് സുമിയുടെ ശസ്‌ത്രക്രിയ നടക്കാനിരിക്കുകയാണ്. എന്നാൽ ചികിത്സക്കാവശ്യമായ 15 ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം. ഈ അവസരത്തിലാണ് തന്നാലാവുന്ന പണം നല്‍കി കുരുന്നുകള്‍ സഹായവുമായി എത്തിയത്
ALSO READ: തെരുവിന്‍റെ മക്കള്‍ക്ക് അന്നവും ജീവിതവും നല്‍കി സേവ ഫൗണ്ടേഷൻ; കനിവാര്‍ന്ന മാതൃക