ഇടുക്കി: പാഴ്വസ്‌തുകള്‍ ഉപയോഗിച്ച് മനോഹരമായ പുല്‍ക്കൂട് ഒരുക്കി പ്രകൃതി സംരക്ഷണത്തിന്‍റെ സന്ദേശം പകര്‍ന്ന് നല്‍കുകയാണ് സേനാപതി കുത്തുങ്കല്‍ സ്വദേശി പുത്തന്‍പുരയ്ക്കല്‍ സാന്റോ ജെയിംസ് എന്ന യുവ കര്‍ഷകന്‍. ക്രിസ്‌മസ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ആയിരക്കണക്കിന് രൂപ മുടക്കി പുല്‍ക്കൂടുകളും മറ്റ് അലങ്കാരങ്ങളും ഒരുക്കുമ്പോള്‍ ഒരു രൂപപോലും മുടക്കില്ലാതെ പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ്‌വസ്‌തുകളും ഉപയോഗിച്ച് മനോഹരമായ പുല്‍ക്കൂട് ഒരുക്കിയിരിക്കുകയാണ് സാന്‍റോ ജെയിംസ്.
അഞ്ഞൂറോളം പ്ലാസ്റ്റിക്ക് കുപ്പികള്‍, ഉപയോഗ ശൂന്യമായ ടയറുകള്‍, തടി എന്നിവ ഉപയോഗിച്ചാണ് സാന്‍റോ പുല്‍ക്കൂട് നിര്‍മിച്ചത്. നാല് ദിവസം കൊണ്ടാണ് പുല്‍ക്കൂട് പൂര്‍ത്തിയാക്കിയത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്‌തുക്കള്‍ ഉപയോഗിച്ച് കരകൗശല വസ്‌തുകള്‍ നിര്‍മിച്ചാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് കുറക്കാന്‍ കഴിയുമെന്നും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം ഓരോ വ്യക്തിയും സ്വയം നിയന്ത്രിക്കണമെന്നുമാണ് ഈ ക്രിസ്മസ് ദിനത്തില്‍ സാന്‍റോയ്ക്ക് സമൂഹത്തോട് പറയാനുള്ളത്.