ഇടുക്കി: ഹൈറേഞ്ചിൽ ഇഞ്ചി കൃഷിയുടെയും മഞ്ഞൾ കൃഷിയുടെയും വീണ്ടെടുപ്പിനായുള്ള കഠിനപരിശ്രമത്തിലാണ് കർഷകനായ സജിത്ത് തോമസ്. ചേലനിൽക്കും തടത്തിൽ സജിത്തിന്‍റെ ജൈവകൃഷിയുടെ സവിശേഷത കണ്ടറിഞ്ഞ അമേരിക്കയിലെ ഫ്രോണ്ടിയർ മാസിക സജിത്തിന്‍റെയും കുടുംബത്തിന്‍റെയും മുഖചിത്രവും ലേഖനവും പ്രസിദ്ധീകരിക്കുകയുണ്ടായി.
കമ്പിളികണ്ടം തെള്ളിത്തോടു സ്വദേശിയായ സജിത്ത് കഴിഞ്ഞ പത്തു വർഷത്തിലേറെയായി സമർപ്പണ മനസ്സോടെയുള്ള കാർഷിക പ്രവർത്തനത്തിലാണ്. നാടൻ പശുക്കളുടെ പരിപാലനം, മത്സ്യകൃഷി, തേനീച്ചകൃഷി, കുരുമുളക് കൃഷി, ജാതികൃഷി, പഴവർഗ കൃഷി തുടങ്ങിയവയ്ക്കു പുറമെയാണ് ഇഞ്ചിയുടെയും മഞ്ഞളിന്‍റെയും ജൈവപരിപാലനം.
പടമുഖത്തെ കൃഷിയിടത്തിൽ അഞ്ച് ഏക്കർ സ്ഥലത്ത് ഇഞ്ചിയും, രണ്ടര ഏക്കർ സ്ഥലത്ത് മഞ്ഞളും സജിത്തിനുണ്ട്. തൊഴിലാളി ക്ഷാമം, കാലാവസ്ഥാമാറ്റം, രോഗകീടബാധകൾ എന്നീ പ്രതികൂലാവസ്ഥകളെ അതിജീവിച്ചാണ് വിളകളുടെ ജൈവപരിപാലനം. പീരുമേട് ഡവലപ്പ്മെന്‍റ് സൊസൈറ്റിക്കു കീഴിലെ മാതൃകാകർഷകനായ സജിത്തിന്‍റെ ജൈവ കാർഷികോൽപ്പന്നങ്ങൾക്ക് അധികവില നൽകിയാണ് പിഡിഎസ് വാങ്ങുന്നത്. അമേരിക്കയിലെയും കേരളത്തിലെയും കാർഷിക ഗവേഷകർ സജിത്തിന്‍റെ ഫാം സന്ദർശിക്കുകയും കാർഷിക രീതികൾ പഠിക്കുകയും ചെയ്യാറുണ്ട്.