ഇടുക്കി : സൈറയ്ക്ക് ഇപ്പോള്‍ മൂന്നാറാണ് സ്വന്തം നാട്. യുദ്ധക്കെടുതിയെ അതിജീവിച്ച് ഇടുക്കിയുടെ മണ്ണിലെത്തിയ സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട സൈറ, ഇവിടുത്തെ കാലാവസ്ഥയെ അതിജീവിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ച കാലത്താണ് ഈ നായക്കുട്ടി ഇടുക്കിയുടെ മണ്ണിലേയ്ക്ക് എത്തിയത്.
എംബിബിഎസ് പഠനത്തിനായി യുക്രൈനില്‍ എത്തിയ മൂന്നാര്‍ സ്വദേശിനി ആര്യയെയും കൂട്ടരെയും കാത്തിരുന്നത് യുദ്ധമുഖത്തെ ഭീകര കാഴ്‌ചകളായിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യയിലേയ്ക്ക് മടങ്ങാനുള്ള തത്രപ്പാടില്‍ സ്വന്തം വളര്‍ത്തുനായയെ യുദ്ധ ഭൂമിയില്‍ ഉപേക്ഷിയ്ക്കാന്‍ ആര്യ തയ്യാറായില്ല. അന്ന് അഞ്ച് മാസമായിരുന്നു സൈറയുടെ പ്രായം.
അവശനിലയിലായിരുന്ന നായയെ എടുത്തുകൊണ്ട് 12 കിലോമീറ്ററാണ് യുക്രൈന്‍ അതിര്‍ത്തി മേഖലയില്‍ ആര്യ നടന്നത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് സര്‍ക്കാരിന്‍റെ സഹായത്തോടെ ആര്യയും സൈറയും ഇന്ത്യയില്‍ എത്തി. പിന്നീട് ഈ നായക്കുട്ടി മൂന്നാറില്‍ സ്ഥിര താമസമാക്കി.
സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട സൈറ മൂന്നാറിന്‍റെ കാലാവസ്ഥയോട് പൂര്‍ണമായും ഇണങ്ങി. അധികം വീടിന് പുറത്തേയ്ക്ക് ഇറങ്ങാറില്ല. തണ്ണിമത്തനാണ് സൈറയ്ക്ക് ഏറ്റവും ഇഷ്‌ടമുള്ള ഭക്ഷണം. യുദ്ധക്കെടുതികള്‍ അവസാനിച്ചതിനാല്‍ യുക്രൈനില്‍ തിരികെ എത്തി പഠനം പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആര്യ. എന്നാല്‍ സൈറ നാട്ടുകാരിയായി മൂന്നാറില്‍ തന്നെ തുടരും.