ഇടുക്കി: വസ്‌ത്രത്തിൽ തുന്നിച്ചേർത്ത 600 മണികളുമായി അയ്യപ്പഭക്തൻ സന്നിധാനത്തേക്ക്. തമിഴ്‌നാട് മുധര ജയന്തിപുരം സ്വദേശിയായ ഗണേശനാണ് വ്യത്യസ്‌തമായി അയ്യനെ കാണാൻ എത്തുന്നത്. കഴിഞ്ഞ 29 വർഷമായി ഗണേശൻ ശബരിമല ദർശനം നടത്തുന്നുണ്ട്.
എന്നാൽ 9 വർഷമായി അയ്യപ്പന് പ്രത്യേക നേർച്ചയുമായാണ് ഇദ്ദേഹം ശബരിമല ദർശനം നടത്തുന്നത്. മണ്ഡലകാല വ്രതമാരംഭിക്കുമ്പോൾ ശബരിമല ദർശനത്തിനായി മാലയണിയുന്നതിനൊപ്പം ഇദ്ദേഹം വസ്‌ത്രത്തിൽ 600ഓളം മണികളും തുന്നിച്ചേർക്കും. മണികൾ ചാർത്തിയ വസ്‌ത്രമണിഞ്ഞ് സ്വദേശത്തു നിന്നും കാൽനടയായി ശബരിമലയിലേക്ക്.
പ്രത്യേക തരത്തിലുള്ള വസ്‌ത്രം തുന്നിച്ച് അതിൽ വച്ചുപിടിപ്പിച്ചിരിക്കുന്ന ഹുക്കുകളിലാണ് മണികൾ ചാർത്തുന്നത്. ശബരിമല ശ്രീധർമ്മശാസ്‌താവിന് മണികണ്‌ഠൻ എന്ന നാമധേയമുള്ളതിനാലാണ് മണികൾ ദേഹത്ത് ചാർത്തി താൻ അയ്യനെ കാണാൻ എത്തുന്നതെന്ന് ഗണേശൻ പറഞ്ഞു.
25 കിലോയാണ് ഇദ്ദേഹം വസ്‌ത്രത്തിൽ ചാർത്തിയിട്ടുള്ള മണികളുടെ ഭാരം. കാൽനടയായി ശബരിമലയിൽ എത്തി അയ്യനെ ദർശിച്ച ശേഷം മണികൾ അയ്യപ്പ ഭക്തർക്ക് വിതരണം ചെയ്യുകയാണ് ഗണേശന്‍റെ പതിവ്.