ഇടുക്കി: S Rajendran: സിപിഎം നേതൃത്വത്തോടുള്ള അഭിപ്രായഭിന്നതകൾ തുറന്നുകാട്ടുന്ന എസ് രാജേന്ദ്രന്‍റെ കത്ത് പുറത്ത്. തന്നെ മുൻമന്ത്രി കൂടിയായ എം എം മണിയും കെ വി ശശിയും അപമാനിച്ചെന്നും, വീട്ടിലിരിക്കാൻ പറഞ്ഞെന്നും മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ കത്തിൽ ആരോപിക്കുന്നു. പരസ്യ അധിക്ഷേപം പേടിച്ചാണ് താൻ ജില്ല സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രൻ പറയുന്നു.
സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനമുയര്‍ന്നിരുന്നു. എസ് രാജേന്ദ്രൻ കുറച്ചുകാലമായി പാർട്ടിയുമായി പിണക്കത്തിലാണ്. രാജേന്ദ്രനെതിരായ നടപടി ജില്ല സമ്മേളനത്തിലുണ്ടാവില്ല എന്നാണ് ഇന്നലെ കോടിയേരി വ്യക്തമാക്കിയത്.
ജില്ല സെക്രട്ടറിയേറ്റ് അംഗം കെ വി ശശിയുടെ നേതൃത്വത്തിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നുവെന്ന് എസ് രാജേന്ദ്രൻ കത്തിൽ പറയുന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചതാണ്. കെ വി ശശിയാണ് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറ്റി നിർത്തിയത്.
എം എം മണിയും അപമാനിച്ചു
യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെ വി ശശി തന്നെ അപമാനിച്ചു. മുൻ മന്ത്രി എം എം മണിയും അപമാനിച്ചു. എംഎൽഎ ഓഫിസിൽ വച്ച് പാർട്ടിയിലെ പ്രശ്‌നങ്ങൾ അറിയിച്ചപ്പോൾ എം എം മണി തന്നോട് പറഞ്ഞത് അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനാണ്. ജില്ല സെക്രട്ടറി കെ കെ ജയചന്ദ്രൻ സഹായിച്ചാൽ തന്‍റെ സ്വഭാവം മാറുമെന്നും എം എം മണി പറഞ്ഞു.
എം എം മണി പരസ്യമായി അപമാനിക്കുമെന്ന് പേടിച്ചാണ് ഇടുക്കിയിൽ ഇപ്പോൾ നടക്കുന്ന ജില്ല സമ്മേളനത്തില്‍ നിന്ന് വിട്ടുനിൽക്കുന്നതെന്നും എസ് രാജേന്ദ്രൻ പറയുന്നു. ഇക്കാര്യങ്ങളെല്ലാം താൻ ജില്ല സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ഒരു ജാതിപ്പേരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. പാർട്ടി അംഗത്വത്തിൽ തുടരാൻ തന്നെ അനുവദിക്കണമെന്നും എസ് രാജേന്ദ്രൻ കത്തിൽ ആവശ്യപ്പെടുന്നു.
ALSO READ: K Rail | കെ സുധാകരന്‍റെ ഭീഷണി പ്രസ്‌താവന ഗൗരവമായി കാണുന്നില്ലെന്ന് കാനം രാജേന്ദ്രന്‍