ഇടുക്കി: മഴയ്‌ക്ക് ശമനമില്ലാത്തത് ഹൈറേഞ്ചിലെ റബ്ബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. മഴ കുറഞ്ഞ് റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് നടത്തേണ്ട സമയമായിട്ടും ന്യൂനമര്‍ദം മൂലം മഴ മാറാതെ നില്‍ക്കുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്.
ചുരുക്കം കര്‍ഷകര്‍ മാത്രമെ മരങ്ങളില്‍ മഴ മറ തീര്‍ത്ത് ടാപ്പിങ് നടത്തുന്നൊള്ളു. മറ്റ് കര്‍ഷകര്‍ മഴക്കാലത്ത് ടാപ്പിങ് നിര്‍ത്തി വച്ച് മഴ കുറയുന്ന മുറക്ക് ടാപ്പിങ് പുനരാരംഭിക്കുകയാണ് പതിവ്. ഇത്തവണ മഴ കുറയാത്തതിനാല്‍ കൃത്യമായി ടാപ്പിങ് പുനഃരാരംഭിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.
നാളുകള്‍ക്ക് ശേഷം വിപണിയില്‍ റബ്ബറിന് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. പക്ഷേ ടാപ്പിങ് നടക്കാത്തതിനാല്‍ വിപണിയില്‍ എത്തിക്കാനാകുന്നില്ല.
മഞ്ഞുകാലം ആരംഭിക്കുന്നതോടെ റബ്ബര്‍ മരങ്ങളുടെ ഇല കൊഴിയും. മഴയ്ക്ക് ശേഷം പുനരാരംഭിക്കുന്ന ടാപ്പിങ് ഇതോടെ കര്‍ഷകര്‍ പലരും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ് പതിവ്. ഇത്തവണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലഭിച്ച അധിക വേനല്‍മഴയും റബ്ബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു.
മഴയുടെ അളവ് കൂടുകയും ടാപ്പിങ് ദിവസങ്ങളുടെ എണ്ണം കുറയുകയും ചെയ്‌തതോടെ ഹൈറേഞ്ചിലെ റബ്ബര്‍ കര്‍ഷകരുടെ വരുമാനത്തിലും വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.
Also read: കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ തീയിട്ട് കൊല്ലും