ഇടുക്കി : കൂടത്തായി കേസിൽ കേന്ദ്ര ഫൊറൻസിക് ലാബ് ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട: എസ്.പി കെ.ജി സൈമൺ. സംസ്ഥാനത്തെ ഫൊറൻസിക് ലാബിൽ പരിശോധിച്ചപ്പോഴും ഈ നാല് മൃതദേഹങ്ങളിൽ നിന്ന് വിഷത്തിന്‍റെയോ സയനൈഡിന്‍റെയോ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
അത് കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇത് മനസിലാക്കി ഈ നാലുപേരുടെയും മരണം സംബന്ധിച്ച് പരിശോധിക്കാൻ ഡോക്‌ടർമാരുടെ ഒരു പാനൽ തയാറാക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷാംശം ഇല്ലെന്ന് ഫലം : ഇന്ന് പുറത്ത് വന്ന ഫൊറൻസിക് പരിശോധന ഫലത്തിലാണ് കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹ അവശിഷ്‌ടങ്ങളില്‍ സയനൈഡിന്‍റെയോ മറ്റ് വിഷാംശങ്ങളുടെയോ അംശമില്ലെന്ന കണ്ടെത്തലുള്ളത്. കേസിൽ വന്‍ വഴിത്തിരിവുണ്ടായ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളിലെ ലാബുകളില്‍ മൃതദേഹാവശിഷ്‌ടങ്ങളുടെ പരിശോധന നടത്താനാണ് പ്രോസിക്യൂഷന്‍റെ ശ്രമം.
കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്‍റെ ആദ്യ ഭർത്താവിന്‍റെ പിതാവ് ടോം തോമസ്, ടോമിന്‍റെ ഭാര്യ അന്നമ്മ, ഇവരുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹ സാമ്പിളുകളാണ് ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിൽ പരിശോധനയ്‌ക്ക് വിധേയമാക്കിയത്.
അന്നമ്മ തോമസിനെ ആട്ടിന്‍ സൂപ്പില്‍ 'ഡോഗ് കില്‍' എന്ന വിഷം കലര്‍ത്തി നല്‍കിയാണ് കൊന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മറ്റ് മൂന്നുപേരെ സയനൈഡ് നല്‍കിയും വധിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2002ലാണ് അന്നമ്മയെ കൊലപ്പെടുത്തിയത്. ഈ കേസിലെ ആദ്യ കൊലപാതകമാണ് ഇത്.
കൊലപാതകത്തിനായി മൃഗാശുപത്രിയില്‍ നിന്നാണ് വിഷം വാങ്ങിയത്. ഇതിന്‍റെ രേഖകളും തെളിവുകളും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു. മറ്റ് മൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്ന് ജോളി കുറ്റസമ്മതം നടത്തിയിരുന്നു.
ALSO READ: മൃതദേഹങ്ങളില്‍ വിഷാംശമില്ലെന്ന ഫലം : കൂടത്തായി കേസില്‍ വിദഗ്‌ധ പരിശോധനയ്‌ക്ക് വിദേശ സഹായം തേടും
കൊലപാതകം കണ്ടെത്തിയതിന് പിന്നാലെ 2019ല്‍ മൃതദേഹാവശിഷ്‌ടങ്ങള്‍ പുറത്തെടുത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇവ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. കോഴിക്കോട് റീജിണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലാണ് ആദ്യം പരിശോധിച്ചത്. ശേഷം ദേശീയ ഫൊറന്‍സിക് ലാബിലേക്ക് പരിശോധയ്‌ക്ക് അയക്കുകയായിരുന്നു.
കേരളത്തെ നടുക്കിയ കൊലപാതകം: 2002 മുതൽ 2016 വരെയുള്ള കാലയളവിലെ 14 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ആറുപേരെ വിഷം നല്‍കിയും സയനൈഡ് നല്‍കിയും ജോളി കൊലപ്പെടുത്തിയതെന്നാണ് കേസ്. കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ആറ് കൊലപാതകങ്ങളും ജോളി നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
റോയ് തോമസിന്‍റെ മരണം സംശയത്തിനിടയാക്കിയതോടെയാണ് കെജി സൈമണിന്‍റെ നേതൃത്വത്തിലുള്ള സംഘം കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. ഒടുവിൽ കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയിലേക്ക് തന്നെ അത് ചെന്നെത്തുകയായിരുന്നു. ജോളിയുടെ സുഹൃത്ത് എംഎസ് മാത്യുവാണ് കൂടത്തായി കേസിലെ രണ്ടാം പ്രതി. രണ്ടുപേരും ഇപ്പോള്‍ ജയിലിലാണ്.