ഇടുക്കി : കരുണാപുരത്ത് രണ്ട് ലക്ഷത്തിലധികം രൂപയുടെ വാഴക്കുലകൾ മോഷ്‌ടിക്കപ്പെട്ടു.വിളവെടുപ്പിന് പാകമായി നിന്ന വാഴക്കുലകളാണ് അപഹരിക്കപ്പെട്ടത്. കരുണാപുരം പഞ്ചായത്തിലെ പഴയ കൊച്ചറയിൽ പാപ്പുവിന്‍റെ പാട്ടത്തിനെടുത്ത സ്ഥലത്താണ് സംഭവം.
പോൾസൺ സോളമനാണ് സ്ഥലം ലീസിനെടുത്തത്. കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏഴ് ഏക്കര്‍ വരുന്ന സമ്മിശ്ര കൃഷി തോട്ടത്തിൽ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ തുടർച്ചയായാണ് മോഷണം നടക്കുന്നത്.
ഏലം, കുരുമുളക്, കാപ്പി, കൃഷികളോട് അനുബന്ധിച്ച് ഇടവിളയായാണ് 2500 വാഴകൾ കൃഷി ചെയ്തത്. ഇതിൽ മുന്നൂറ് വാഴക്കുലകളാണ് കഴിഞ്ഞ ദിവസം രാത്രി വെട്ടിയെടുത്തത്. ഏത്തവാഴ, ഞാലിപ്പൂവൻ, പാളയംകോടൻ, റോബസ്റ്റ, പൂവൻ തുടങ്ങിയ ഇനത്തിൽപ്പെട്ട വാഴകൾ ആണ് കൃഷി ചെയ്തത്.
മോഷണം തുടര്‍ക്കഥ, ദിനംപ്രതി കവരുന്നത് മുപ്പത് കുലകൾ
പൊലീസില്‍ പരാതി നൽകിയെങ്കിലും അന്വേഷണം ഊർജിതമല്ലെന്ന് തോട്ടം നടത്തിപ്പുകാരൻ കെ.ജെ ജോർജുകുട്ടി പറയുന്നു. മോഷണം പതിവായതോടെ കുലകളിൽ ചായം പൂശിയിരുന്നു. ഇത് അറിയാതെയാണ് മോഷ്ടാക്കൾ കവര്‍ച്ച നടത്തിയത്.
കൊച്ചറയിലെ ഒരു പച്ചക്കറി കടയില്‍ മോഷ്ടാക്കൾ കുലകള്‍ വിൽപ്പന നടത്തിയതായി കണ്ടെത്തി. പൊലീസിനെ വിവരമറിയിച്ചെങ്കിലും പ്രതികളെ പിടികൂടാൻ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ജോർജുകുട്ടി പറയുന്നു. ദിനംപ്രതി മുപ്പത് കുലകൾ മോഷണം പോകുന്നുണ്ടെന്നും തോട്ടം നടത്തിപ്പുകാരന്‍ വ്യക്തമാക്കി.
സമീപ തോട്ടങ്ങളിലും മോഷണം വ്യാപകമായതായി പരാതികളുണ്ട്. കേസിൽ അന്വേഷണം ഊർജിതമാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും കമ്പംമെട്ട് പൊലീസ് അറിയിച്ചു.
ALSO READ: ആലപ്പുഴ പെരുമ്പള്ളി തീരത്തടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്‍റെ ജഡഭാഗങ്ങള്‍ സംസ്‌കരിച്ചു