ഇടുക്കി : കാലവര്‍ഷം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ മേഖലയിലും വകുപ്പുകള്‍ സജീവമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡാമുകളിലെ ജലനിരപ്പുയരുന്ന കാര്യത്തില്‍ ആശങ്ക വേണ്ട. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്തുമെന്നും അദ്ദേഹം കട്ടപ്പനയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തുടനീളം മഴ ദുരിതം വിതയ്‌ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കിയിലുൾപ്പടെ പല ജില്ലകളിലും കനത്ത മഴയാണ്. ഇടുക്കിയിൽ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്‌തിരുന്നു.