ഇടുക്കി: കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം പാറ അടർന്ന് വീണ് കാറിന് മുകളിൽ പതിച്ച് ഒരാൾ മരണപ്പെട്ടു. ഇടുക്കി ഉപ്പുതറ സ്വദേശിനി സോമിനി (67) എന്ന സൗദാമിനിയാണ് മരണപ്പെട്ടത്. ഇന്ന് (ഓഗസ്റ്റ് 13 ഞായറാഴ്‌ച) വൈകുന്നേരമായിരുന്നു അപകടം. അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
പാഞ്ചാലിമേട് കണ്ട് തിരികെ വരുന്ന വഴി കുട്ടിക്കാനത്തിന് താഴെ വളഞ്ഞങ്ങാനം വളവിൽ റോഡ് അരികിൽ കാർ നിർത്തിയിട്ടിരുന്നു. ഈ സമയം റോഡരികിലെ തിട്ടയും പാറയും ഇടിഞ്ഞ് കാറിന്‍റെ മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
സോമിനിക്ക് പുറമെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ വിപിൻ, ഭാര്യ അനിഷ്‌ക, ഭാര്യ മാതാവ് ഷീല, കുട്ടികളായ ലക്ഷ്യ (എട്ടു മാസം), ആദവ് (5) എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരുടെ സഹായി ആയിരുന്നു മരണപ്പെട്ട സോമിനി. അപകടത്തില്‍ പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടിക്കൊണ്ടിരിക്കെ റോഡ് ഇടിഞ്ഞ് ബസ് താഴേക്ക്, 12 പേർക്ക് പരിക്ക്: റോഡ് ഇടിഞ്ഞ് ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. ഷിംലയിലെ മാണ്ഡിയിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. എട്ട് പേരുടെ പരിക്കുകൾ നിസാരമാണ്.
സുന്ദർനഗർ യൂണിറ്റിൽ നിന്നുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. ഷിലംയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. മാണ്ഡി ജില്ലയിലെ റോഡ് ഇടിഞ്ഞതോടെയാണ് ബസ് മറിഞ്ഞത്. എന്നാൽ ഇടിഞ്ഞുവീണ മൺകൂനയ്‌ക്ക് മുകളിൽ ബസ് തങ്ങി നിന്നതുകൊണ്ട് കൂടുതൽ താഴ്‌ചയിലേക്ക് മറിയാതിരുന്നത് അപകടത്തിന്‍റെ വ്യാപ്‌തി കുറച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് അപകടം: ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരണപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. ചമ്പ ജില്ലയിലെ ടീസയിൽ നിന്ന് ബൈരാഗഡിലേക്കുള്ള യാത്രാമധ്യേ തര്‍വായിക്കടുത്തുള്ള 100 മീറ്റര്‍ താഴ്‌ചയിലുള്ള തോട്ടിലേക്ക് ബൊലേറോ ജീപ്പ് മറിയുകയായിരുന്നു.
അപകടത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴുപേരാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മഹീന്ദ്ര ബൊലേറോ വാഹനം തോട്ടിലേക്ക് മറിഞ്ഞ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ ഡ്രൈവര്‍ ഉള്‍പ്പടെ ഏഴുപേര്‍ മരണപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റവരെ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം അപകടമുണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ല. ഇതിനെ കുറിച്ച് വിശദമായി അന്വേഷിക്കാനിരിക്കുകയാണ് പൊലീസ്. അപകടവിവരമറിഞ്ഞ് ചുര വിധാൻസഭ എംഎൽഎ ഹൻസ്‌രാജ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കനത്ത മഴ തുടരുന്ന ഹിമാചലില്‍ റോഡപകടങ്ങള്‍ കുത്തനെ ഉയരുകയാണെന്നാണ് റിപ്പോർട്ടുകൾ.