ഇടുക്കി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിര്‍മാണ സാമഗ്രികളുടെ വില അന്തമില്ലാതുയരുകയാണ്. സിമന്‍റിനും കമ്പിക്കും പിവിസി ഉൽപന്നങ്ങള്‍ക്കുമടക്കം വിപണിയില്‍ വില വര്‍ധനവുണ്ടായിട്ടുണ്ട്. സാധാരണക്കാരെ ഉള്‍പ്പെടെ നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ് പ്രതികൂലമായി ബാധിച്ചു.
360ൽ നിന്നിരുന്ന സിമിന്‍റിന്‍റെ വില ഏകദേശം 450ലേക്കെത്തി. കമ്പിയുടെ വില ഇരട്ടിയോളം വര്‍ധിച്ചു. സാനിറ്ററി ഉൽപന്നങ്ങള്‍, പിവിസി ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയും ആശ്വാസകരമല്ലാത്തവിധം ഉയര്‍ന്നു. ഭവന നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാധാരണക്കാരെ സാമഗ്രികളുടെ വില വര്‍ധനവ് പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് പരാതി.
ALSO READ: നെടുങ്കണ്ടം മരംമുറി : ലോറി പിടിച്ചെടുത്ത് അന്വേഷണസംഘം
ലോക്ക്ഡൗണ്‍ കാലത്തും നിര്‍മാണമേഖല തടസമില്ലാതെ മുമ്പോട്ട് പോകുന്നുണ്ട്. പക്ഷെ നിര്‍മ്മാണ സാമഗ്രികള്‍ക്ക് ഉണ്ടായിട്ടുള്ള വിലവര്‍ധനവ് പലരുടെയും കൈപൊള്ളിക്കുന്നു. കോണ്‍ക്രീറ്റ് ജോലികള്‍ക്ക് ആവശ്യമായി വരുന്ന കെട്ടുകമ്പിയുടെയും ആണിയുടെയും വിലയില്‍ വരെ വര്‍ധനവ് ഉണ്ടായിട്ടുള്ളതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ലോക്ക്ഡൗണ്‍ അവസാനിച്ച് നിര്‍മാണ മേഖല കൂടുതല്‍ സജീവമാകുന്നതോടെ ഇനിയും വില വര്‍ധനവുണ്ടാകുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കരാറുകാര്‍ക്കും ഇപ്പോഴത്തെ വില വര്‍ധനവ് അധിക ബാധ്യത വരുത്തിയിട്ടുണ്ട്.