ഇടുക്കി: ജില്ലയിലെ അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. ചിന്നക്കനാലില്‍ വെള്ളൂക്കുന്നേല്‍ കുടുംബം കയ്യേറിയ ഒന്നരയേക്കര്‍ ഭൂമി ഒഴിപ്പിച്ച് റവന്യൂ ബോര്‍ഡ് സ്ഥാപിച്ചു. വെള്ളുകുന്നേല്‍ ടോം സക്കറിയ കയ്യേറി ഏലം കൃഷി നടത്തിയ പുറമ്പോക്ക് ഭൂമിയാണ് ഒഴിപ്പിച്ചത്.
ഉടുമ്പന്‍ചോല ലാന്‍റ് അസൈന്‍മെന്‍റ് തഹസില്‍ദാര്‍ ഷീമയുടെ നിര്‍ദേശപ്രകാരമാണ് ചിന്നക്കനാല്‍ താവളത്തില്‍ സര്‍വേ നമ്പര്‍ 34/1-ലെ ഭൂമി ഒഴിപ്പിച്ചത്. അനധികൃത കയ്യേറ്റത്തെ തുടര്‍ന്ന് ഭൂമി തന്‍റെതാണെന്ന് തെളിയിക്കുന്ന രേഖകള്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ഹാജരാക്കുന്നതിന് ടോമിന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ അനുവദിച്ച സമയത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കേരള ഭൂ സംരക്ഷണ നിയമ (കെഎൽസി) പ്രകാരം ഭൂമി ഒഴിപ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചത്.
ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഹാരിസ് ഇബ്രാഹിം, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് ഭൂ സംരക്ഷണ സേനയുടെ സഹായത്തോടെ കയ്യേറ്റം ഒഴുപ്പിച്ച് ഭൂമി എറ്റെടുത്തത്.