ഇടുക്കി: അയ്യപ്പൻകോവിൽ തൂക്കുപാലം നവീകരിക്കാനുള്ള ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ തീരുമാനം നടപ്പിലായില്ല. 2019ലാണ് ജില്ലാ കലക്ടർ അധ്യക്ഷനായ ഡി.റ്റി പി.സി.യുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി നവീകരണത്തിന് തീരുമാനമെടുത്തത്. വിശദമായ രൂപരേഖ തയ്യാറാക്കാൻ സിൽക്ക് അക്രഡിറ്റഡ് ഏജൻസിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചിരുന്നു. വിനോദ സഞ്ചാര കേന്ദ്രത്തിലെ സുരക്ഷിതത്വത്തിന്‍റെയും, അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി വർധിപ്പിക്കുന്നതിന്‍റേയും ഭാഗമായിട്ടായിരുന്നു തീരുമാനം. എന്നാൽ ഒരു വർഷമായിട്ടും രൂപരേഖ തയാറാക്കാൻ പോലും നടപടിയുണ്ടായില്ല.
ഇടുക്കി റിസർവോയറിന് കുറുകെ അയ്യപ്പൻകോവിൽ- കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 2012-13ൽ രണ്ടു കോടി അഞ്ചുലക്ഷം രൂപ ചിലവഴിച്ച് ജില്ലാ റിവർ മാനേജ്‌മെന്‍റ് കമ്മറ്റിയാണ് തൂക്കുപാലം നിർമ്മിച്ചത്. കൊച്ചി കേന്ദ്രമായ കേരള ഇലക്ട്രിക്കൽ ആന്‍ഡ്് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിനായിരുന്നു (കെ.ഇ.എൽ) 1.20 മീറ്റർ വീതിയും, 200 മീറ്റർ നീളവുമുള്ള തൂക്കുപാലത്തിന്‍റെ നിർമ്മാണം നടത്തിയത്. നിർമ്മാണ ശേഷം അറ്റകുറ്റപണികൾ ഒന്നും നടത്താതിരുന്നതിനാൽ തൂക്കുപാലത്തിന് കാര്യമായ ബലക്ഷയമുണ്ടായി.
ഇരുചക്രവാഹനങ്ങൾ കയറ്റിയും, അനുവദനീയമല്ലാത്ത എണ്ണത്തിൽ കൂടുതൽ ആളുകൾ കയറിയും ഓരോ ദിവസവും ബലക്ഷയം കൂടി വന്നു. വിവിധ ഭാഗങ്ങളിൽ തുരുമ്പെടുക്കുകയും, നട്ടും,ബോൾട്ടും അയഞ്ഞു പോകുകയും ചെയ്തിട്ടുണ്ട്. ബലക്ഷയം മാധ്യമങ്ങൾ പല തവണ റിപ്പോർട്ടു ചെയ്തതോടെ ഇരുചക്രവാഹനങ്ങൾ കയറ്റരുതെന്നും, ഒരേ സമയം 40 പേരിൽ കൂടുതൽ കയറരുതെന്നും കാണിച്ച് ബോർഡ് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
റിസർവോയറിന്‍റെ ദൃശ്യഭംഗി ആസ്വദിക്കാൻ ഓരോ ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇപ്പോഴും ഇവിടെയെത്തുന്നത്.പുരാതനമായ അയ്യപ്പൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തർ എത്തുന്നതും തൂക്കുപാലത്തിലൂടെയാണ്. ഔദ്യോഗിക വിനോദ സഞ്ചാര കേന്ദ്രമായി ഡി.റ്റി.പി.സി അംഗീകരിച്ചിട്ടില്ലങ്കിലും ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ ബാഹുല്യവും,സുരക്ഷിതത്വവും കണക്കിലെടുത്താണ് തൂക്കുപാലം നവീകരിക്കാനുള്ള തീരുമാനെടുത്തത്. തീരുമാനം അടിയന്തിരമായി നടപ്പിലാക്കിയില്ലങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.