ഇടുക്കി: 1980 മുതല്‍ ദേവികുളം താലൂക്കില്‍ നല്‍കിയ പട്ടയഭൂമിയിൽ കുടുംബങ്ങൾ വീട് വച്ച് താമസിക്കുന്നുണ്ടെങ്കിൽ അവ പോക്കുവരവ് ചെയ്ത് കരമൊടുക്കി നല്‍കുവാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. ദേവികുളം താലൂക്കില്‍ രവീന്ദ്രന്‍ പട്ടയം കൈവശമുള്ള 516 പേരുടെ പട്ടയം റെഗുലൈസ് ചെയ്യാന്‍ റവന്യൂ വകുപ്പ് തീരുമാനമെടുത്തത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയെങ്കിലും പേര് വച്ച് ഒരു പട്ടയത്തിന്റെ പേര് പറയേണ്ട കാര്യമില്ല. പട്ടയം സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നും എംഎല്‍എ വ്യക്തമാക്കി.
പട്ടയ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയാലും ഉദ്യോഗസ്ഥ തലത്തില്‍ അവരുടേതായ വ്യാഖ്യാനങ്ങളുണ്ടാവുക പതിവാണെന്നും അത്തരമൊരു കാലതാമസം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും രാജേന്ദ്രന്‍ അറിയിച്ചു. നിലവില്‍ മറയൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കര്‍ഷകരുടെ കൈവശമാണ് രവീന്ദ്രന്‍ പട്ടയമുള്ളത്. സര്‍ക്കാര്‍ തീരുമാനം നടപ്പിലായാല്‍ അഞ്ഞൂറിലധികം കുടുംബങ്ങളുടെ പട്ടയമെന്ന സ്വപ്‌നം പൂവണിയും.