ഇടുക്കി: രാമക്കല്‍മേട് സോളാര്‍ വൈദ്യുതി പദ്ധതി രണ്ട് മാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യുമെന്ന് അനർട്ട്. മേഖലയിലെ കാറ്റിന്‍റെ സാന്നിധ്യം പ്രയോജനപ്പെടുത്തി കൂടുതല്‍ കാറ്റാടികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. പ്രദേശത്ത് അനര്‍ട്ട് ഉന്നത തല ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.
രാമക്കല്‍മേടിന് സമീപം ആമകല്ലില്‍ സൗരോര്‍ജത്തില്‍ നിന്നും ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി. കാറ്റില്‍ നിന്നും മൂന്ന് മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനും ലക്ഷ്യം വയ്ക്കുന്നുണ്ട്. സോളാര്‍ പദ്ധതിയില്‍ അഞ്ഞൂറ് കിലോ വാട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായുള്ള പാനലുകളാണ് നിലിവില്‍ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് മാസത്തിനുള്ളില്‍ ബാക്കി പാനലുകളും സ്ഥാപിച്ച് പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് അനർട്ട് സിഇഒ നരേന്ദ്രനാഥ് വെല്ലൂരി ഐഎഫ്എസ് അറിയിച്ചു.
സോളാര്‍ പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ രാമക്കല്‍മേട്ടില്‍ നിന്നുള്ള ഓഫ് റോഡ് ജീപ്പ് സഫാരി ആമകല്ല് വ്യൂ പോയിന്‍റില്‍ അവസാനിപ്പിക്കാൻ നിര്‍ദേശം നല്‍കും. സമീപ മേഖലകളായ പുഷ്‌കണ്ടം, അണക്കരമെട്ട് തുടങ്ങിയ പ്രദേശങ്ങളിലും കാറ്റാടികളും സോളാര്‍ പാനലുകളും സ്ഥാപിക്കുന്നതിന് പദ്ധതി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കൂറ്റംമ്പാറയിൽ ഹാഷിഷും 183 കിലോ കഞ്ചാവുമായി നാല് പേർ പിടിയില്‍
300 ഏക്കര്‍ ഭൂമിയാണ് ആമകല്ലില്‍ അനര്‍ട്ടിന് വിട്ടുനല്‍കിയിരിക്കുന്നത്. അതേസമയം മലമുകളിലേക്കുള്ള റോഡിന്‍റെ അഭാവം കാറ്റാടികള്‍ക്കായുള്ള അസംസ്‌കൃത വസ്‌തുക്കള്‍ എത്തിക്കുന്നതിന് തടസമാകുന്നതായും പറയപ്പെടുന്നു. സ്വകാര്യ ഭൂമി വിട്ടുകിട്ടാത്തതാണ് റോഡ് നിര്‍മാണത്തിന് തടസമായി നിൽക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടികളും ആരംഭിച്ചു.