ഇടുക്കി : കാട്ടാനയും കാട്ടുപോത്തും കടുവയുമെല്ലാം മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളെ വിറപ്പിക്കുമ്പോള്‍ വനങ്ങളിലെ സൗമ്യസാന്നിധ്യമാണ് മ്ലാവുകളും വരയാടുകളും.
ലോക്ക്ഡൗണ്‍ ആയതോടെ സന്ദര്‍ശകർ ഒഴിഞ്ഞ രാജമലയിലെ ദേശീയോദ്യാനത്തിലാണ് കാനനസൗന്ദര്യത്തിന്‍റെ വശ്യമുഖം വെളിപ്പെടുന്നത്.
- മ്ലാവുകളും വരയാടുകളും
കഴിഞ്ഞ ദിവസം രാജമലയിലെ പെട്ടിമുടിക്ക് സമീപം ക്യാമറക്കണ്ണില്‍ പതിഞ്ഞ ചിത്രം കൗതുകമാകുകയാണ്. ഈറന്‍ ചാറ്റല്‍ മഴയും ആനമുടിയെ തഴുകിയെത്തുന്ന മഞ്ഞിന്‍ കണങ്ങളും നനയിച്ച തേയിലക്കാടിന് നടുവില്‍ മേയുന്ന മ്ലാവ് കാനനസൗന്ദര്യത്തിന്‍റെ ശാന്തമുഖം വെളിപ്പെടുത്തി.
ക്യാമറക്കണ്ണുകള്‍ മിഴി തുറന്നത് തന്‍റെ നേര്‍ക്കാണെന്ന് തിരിച്ചറിഞ്ഞപോലെ നല്ല പോസ് നല്‍കുന്നതിനും മ്ലാവിന് മടിയുണ്ടായില്ല. ഇതിനിടയ്ക്ക് തേയിലക്കാടിനുമുകളില്‍ വളരുന്ന കാട്ടുചെടിയുടെ വള്ളികള്‍ അകത്താക്കാനും മറന്നില്ല.
ആക്രമണ സ്വഭാവം ഇക്കൂട്ടര്‍ക്ക് തീരെയില്ല. ജലസ്രോതസ്സുകളില്‍ നിന്ന് അധികം ദൂരേക്ക് യാത്ര ചെയ്യാത്ത മ്ലാവുകള്‍ ഇടതൂര്‍ന്ന കുറ്റിച്ചെടികളുടെയും പുല്ലുകളുടെയും നടുക്കാണ് വസിക്കുന്നത്.
ഇത്തരത്തിലുള്ള ധാരാളം പ്രദേശങ്ങൾ ഉള്ളതുകൊണ്ടാണ് ഇവ രാജമലയില്‍ കൂടുതലായി കാണപ്പെടുന്നത്.