ഇടുക്കി: മലനിരകളിലും വഴിയോരങ്ങളിലും പൂത്തുലഞ്ഞ് നിൽക്കുന്ന ഇളം പിങ്ക് നിറത്തിലുള്ള പൂക്കൾ. നീലകുറിഞ്ഞിയുടെ വസന്തകാലത്തിനു ശേഷം മൂന്നാറിനെ അതിസുന്ദരിയാക്കുകയാണ് പുള്ളി കാശിത്തുമ്പ എന്ന് പേരുള്ള ഈ പൂവ്. മൂന്നാർ ഗ്യാപ്പ് റോഡിന് സമീപത്തായാണ് പുള്ളി കാശിത്തുമ്പ ഈ കാഴ്‌ചയുടെ വസന്തമൊരുക്കിയിരിക്കുന്നത്.
ഇമ്പെഷ്യസ് മാക്കുലേറ്റ എന്നാണ് ഇവയുടെ ശാസ്‌ത്രീയ നാമം. മൂപ്പ് എത്തിയ വിത്തുകൾ പൊട്ടിത്തെറിച്ചു വിത്ത് വിതരണം നടക്കുന്നതിനാൽ ടച് മി നോട്ട് എന്നും കമ്മലിന്‍റെ സാദൃശ്യമുള്ളതിനാൽ കമ്മൽ പൂവെന്നും ഇവ അറിയപ്പെടുന്നു. ധാരാളം മഴയെയും തണുപ്പിനെയും ഇഷ്‌ടപ്പെടുന്ന ഇവ ഇടവപാതി മഴക്കാലത്താണ് ധാരാളമായി പുഷ്‌പിക്കുന്നത്. മനോഹരമായ കാഴ്‌ചയ്‌ക്ക് പുറമെ ത്വക്ക് രോഗങ്ങൾ, ഉദര രോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള ഔഷധം കൂടിയാണിവ. പണ്ട് കാലങ്ങളിൽ ഹൈറേഞ്ചിന്‍റെ അരുവിയോരങ്ങളിലും പാതയോരങ്ങളിലും മൺതിട്ടകളിലും നയനമനോഹര കാഴ്‌ചയൊരുക്കിയിരുന്ന പുള്ളി കാശിത്തുമ്പ ഇന്ന് വംശനാശ ഭീക്ഷണിയിലാണ്. ഗ്യാപ്പ് റോഡ് നിർമാണം നടക്കുന്നതിനാൽ ഗതാഗത സംവിധാനത്തിന്‍റെ അഭാവത്താൽ സഞ്ചാരികൾക്ക് അന്യമാകുകയാണ് കാഴ്‌ചയുടെ ഈ വർണ വസന്തം.
പ്രകൃതിയിലേക്കുള്ള മനുഷ്യന്‍റെ കടന്നു കയറ്റവും കാലാവസ്ഥാ വ്യതിയാനവും മൂലം വംശനാശ ഭീക്ഷണി നേരിടുന്ന ഈ അപൂർവ്വ സസ്യം ഭാവിയിൽ ചിത്രങ്ങളിലും പ്രകൃതി സ്നേഹികളുടെ മനസിലും മാത്രമായി ചുരുങ്ങിയേക്കാം.