ഇടുക്കി: കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെയാണ് അച്ചടി ശാലകള്‍ എതിരേല്‍ക്കുന്നത്. പ്രചരണത്തിനാവശ്യമായ അച്ചടി ജോലികള്‍ കേരളത്തില്‍ തന്നെ ചെയ്യുമെന്നാണ് പ്രസ് ഉടമകളുടേയും ജീവനക്കാരുടേയും പ്രതീക്ഷ. കൊവിഡിന് പുറമെ കടലാസിന്‍റെ ക്ഷാമവും വിലവര്‍ധനവും മൂലം അച്ചടി ശാലകള്‍ പ്രതിസന്ധിയിലാണ്.
ഈ നിയസഭാ തെരഞ്ഞെടുപ്പിലെ പ്രിന്‍റിങ് ജോലികളിലൂടെ അൽപ്പമെങ്കിലും പച്ച പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ അച്ചടി ശാലകള്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ തമിഴ്‌നാട്ടിലെ അച്ചടി ശാലകളിലാണ് മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രിന്‍റിങ് ജോലികള്‍ ചെയ്‌തിരുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ നടന്ന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ അച്ചടി ജോലികള്‍ ഭൂരിഭാഗവും കേരളത്തില്‍ തന്നെയാണ് ചെയ്‌തത്. നിയസഭാ തെരഞ്ഞെടുപ്പിലും അച്ചടി ജോലികള്‍ കേരളത്തില്‍ ചെയ്യണമെന്ന് കേരളാ പ്രിന്‍റേഴ്‌സ് അസോസിയേഷന്‍ ആവശ്യപെട്ടു.
കൊവിഡ് പ്രതിസന്ധികള്‍ മൂലം പൊതു പരിപാടികളും ഉത്സവങ്ങളും ഇല്ലാതായത് അച്ചടി ശാലകളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചു. ഇതിന് പുറമെയാണ് അച്ചടിയ്ക്കാവശ്യമായ വിദേശ നിര്‍മ്മിത പേപ്പറുകളുടെ ക്ഷാമവും വലയ്ക്കുന്നത്. ഒരു കിലോഗ്രാം പേപ്പറിന്‍റെ വില മൂന്ന് മാസത്തിനുള്ളില്‍ 50 ശതമാനത്തോളം വര്‍ധിച്ചു. നിലവില്‍ 90 രൂപയാണ് വില. മഷി, കെമിക്കല്‍സ് തുടങ്ങിയ അനുബന്ധ സാധനങ്ങളുടെ വിലയും വര്‍ധിച്ചു. പല സ്ഥാപനങ്ങളും പകുതി ജീവനക്കാരെ പിരിച്ച് വിടേണ്ട അവസ്ഥയിലുമായി. നിയസഭാ തെരഞ്ഞെടുപ്പ് ജോലികള്‍ പ്രാദേശിക മേഖലകളിലെ പ്രസുകളില്‍ ചെയ്‌താൽ പ്രതിസന്ധിയ്ക്ക് അയവുവരുമെന്നാണ് പ്രതീക്ഷ.