ഇടുക്കി: പട്ടികവർഗ വികസന വകുപ്പിന്‍റെ കീഴിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കോടാലിപ്പാറയിൽ നിർമ്മാണം പൂർത്തീകരിച്ച ആൺകുട്ടികൾക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്‍റെ പൊതുധാരയില്‍ നിന്നും പിന്നോക്കം പോയ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളായി വികസന പദ്ധതികളെ വിലയിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസവും സാമ്പത്തികവും സാമൂഹ്യവുമായ വികസനത്തിന് ഉതകുന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. ഭൂമി, വീട്, അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങള്‍, ഇവ ഒരുക്കുന്നതിന് അതീവ പ്രാധാന്യം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പട്ടികവർഗ വികസന വകുപ്പിന്‍റെ സ്ഥലത്ത് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 2018 മെയ് 22ന് കേരള കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് ഹോസ്റ്റലിന്‍റെ നിർമ്മാണം ആരംഭിച്ചത്. നൂറോളം വിദ്യാർഥികൾക്ക് ഇവിടെ താമസിക്കാനാകും. ആൺകുട്ടികൾക്കായി ജില്ലയിൽ പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ആരംഭിച്ചതോടെ പട്ടികവർഗ വിഭാഗക്കാർക്ക് ഉപരിപഠനത്തിന് സാധ്യതകൾ ഏറുകയാണ്.