ഇടുക്കി: പൂപ്പാറ തോണ്ടിമലയില്‍ റവന്യൂ ഭൂമിയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കേസെടുത്ത് വിജിലന്‍സ്. സര്‍വേയര്‍മാര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് കേസ്. രാജാക്കാട് സർവേ സൂപ്രണ്ട് ഓഫിസിലെ മുൻ ഹെഡ് സർവേയർ സി.സണ്ണി, മുൻ ഫസ്റ്റ് ഗ്രേഡ് സർവേയർ എസ്.വിനോദ് കുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്.
പുല്‍മേട് കൈവശ ഭൂമിയാക്കാന്‍ ലാന്‍ഡ് രജിസ്റ്റര്‍ തിരുത്തിയതിനാണ് സര്‍വേയര്‍മാര്‍ക്കെതിരെ കേസെടുത്തത്. ഉടുമ്പൻചോല താലൂക്കിലെ പൂപ്പാറ തോണ്ടിമല ബ്ലോക്ക് 13-ലെ ഒൻപത് ഹെക്‌ടറിലേറെയുള്ള സർക്കാർ ഭൂമിയായ പുൽമേട് കൈവശഭൂമിയാക്കാനായാണ് രജിസ്റ്റര്‍ തിരുത്തിയത്. 2014 ജനുവരി 17 മുതൽ ജൂൺ 28 വരെയും 2016 ജനുവരി 1 മുതൽ ഡിസംബർ 1 വരെയുമാണ് കേസിനാസ്‌പദമായ തട്ടിപ്പ് നടന്നത്. ഇക്കാലയളവില്‍ സര്‍വേ സൂപ്രണ്ടിന്‍റെ ചുമതല സര്‍വേയര്‍ സണ്ണിക്കായിരുന്നു. അതേ സമയം 2013 മുതല്‍ 2016 വരെയാണ് എസ്. വിനോദിനെതിരെയുള്ള കേസിന് കാരണമായ തട്ടിപ്പ് നടന്നത്.
സർക്കാർ പുൽമേട് പ്രദേശവാസിയായ ചെല്ലപ്പത്തവരുടെ കൈവശഭൂമിയാണെന്ന് റിവൈസ്‌ഡ് ലാൻഡ് രജിസ്റ്റർ തയ്യാറാക്കി 2016 മെയ് 13ന് രാജാക്കാട് ലാൻഡ് അക്വിസിഷൻ ഓഫിസിൽ നല്‍കി. പൂപ്പാറ കൊച്ചുപറമ്പിൽ ജെ. രാജേഷ് എന്നയാള്‍ക്ക് നിയമവിരുദ്ധമായി പട്ടയം ലഭ്യമാക്കുകയും ചെയ്‌തു. ഇതേ ഭൂമിയോട് ചേർന്നുള്ള 55.3 ഏക്കർ സർക്കാർ പുറമ്പോക്ക് നാരായണൻ നായര്‍ എന്ന വ്യക്തിയുടെ സഹായത്താല്‍ 1992-ൽ വ്യാജപട്ടയവും ആധാരവും തയ്യാറാക്കി വില്‍പന നടത്തി.
ഇതിൽ സർക്കാരിന് 70 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ ഇടുക്കി വിജിലൻസ് കണ്ടെത്തി. വാഗമൺ കോട്ടമല നിവാസികളായ രാജൻ, വിശ്വംഭരൻ, രാജപ്പൻ, ജെസി, ജോസഫ്, ഉഷ എന്നിവരുടെ പേരിലാണ് വ്യാജ ആധാരം തയ്യാറാക്കിയത്. ഇവരെയും പ്രതി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍: കഴിഞ്ഞ ദിവസം ചിന്നക്കനാലിലെ അഞ്ച് ഏക്കര്‍ കയ്യേറ്റ ഭൂമി കഴിഞ്ഞ ദിവസം ദൗത്യ സംഘം ഒഴിപ്പിച്ചിരുന്നു. മൂന്നാര്‍ ദൗത്യത്തിന് തുടക്കം കുറിച്ചതോടെ ചിന്നക്കനാലില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരത്തിനും തുടക്കമായി. ഭു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സിങ്കുകണ്ടത്ത് പന്തം കൊളുത്തിയാണ് കര്‍ഷകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചത്.
വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാതെ കര്‍ഷക ഭൂമിയാണ് ഒഴിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടത്തിയത്. ദൗത്യവുമായി സംഘം മുന്നോട്ട് പോയാല്‍ വലിയ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭൂ സംരക്ഷണ സമിതി പറഞ്ഞു. അതേസമയം ദൗത്യം തുടരുമെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്.