ഇടുക്കി : പൂപ്പാറയില്‍ ഇതര സംസ്ഥാന സ്വദേശിയായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ പ്രത്യേക യോഗം ചേർന്നു. ചെയര്‍പേഴ്‌സണ്‍ പി സുരേഷിന്‍റെ നേതൃത്വത്തില്‍ മൂന്നാറിലായിരുന്നു യോഗം. സ്വീകരിച്ച നടപടികള്‍, തുടര്‍ നടപടികള്‍ തുടങ്ങിയ കാര്യങ്ങളിലുള്ള വിലയിരുത്തലായിരുന്നു ലക്ഷ്യം.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസും സര്‍ക്കാര്‍ ഇതര സംവിധാനങ്ങളും വളരെ കൃത്യതയോടെയുള്ള ഇടപെടല്‍ നടത്തിയിട്ടുള്ളതായി കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ശൈശവ വിവാഹങ്ങള്‍ തടയുന്നതിന് സ്വീകരിക്കേണ്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തു. സ്വീകരിക്കേണ്ട നടപടികളില്‍ കമ്മിഷന്‍ അടിയന്തരമായി തീരുമാനം കൈകൊള്ളുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
വണ്ടിപ്പെരിയാര്‍ മാതൃകയില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുകള്‍ മൂന്നാര്‍ മേഖലയില്‍ ഉള്‍പ്പടെ രൂപീകരിക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങളില്‍ തീരുമാനം കൈകൊള്ളുന്നതിനായി ജൂലൈയില്‍ പ്രത്യേക മീറ്റിങ് വിളിക്കും. പൂപ്പാറ സംഭവവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികളും നിലവിലെ സാഹചര്യവും ഉദ്യോഗസ്ഥര്‍ ചെയര്‍പേഴ്‌സണെ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുട്ടികളുടേതടക്കമുള്ള കണക്കുകളും വിവരങ്ങളും ശേഖരിക്കുന്ന കാര്യത്തില്‍ കമ്മിഷന്‍ തലവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.