ഇടുക്കി : സ്വകാര്യ ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ട ആവശ്യത്തിനായെത്തിയ സംഘം പൂപ്പാറ വില്ലേജ് ഓഫിസ് അടിച്ചുതകര്‍ത്തു. മദ്യപിച്ചെത്തിയ സംഘം ഓഫിസിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. തുടര്‍ന്ന് ഓഫിസിലെ ഫയലുകളും കമ്പ്യൂട്ടറുകളും നശിപ്പിച്ചു.
വസ്‌തുവിന്‍റെ സര്‍വേ നമ്പറുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അത് പരിഹരിച്ചശേഷം റെക്കോര്‍ഡ് ഓഫ് രസിസ്റ്റര്‍ നല്‍കാമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ രേഖകൾ ലഭിക്കാൻ കാലതാമസം ഉണ്ടെന്നറിഞ്ഞ സംഘം ഓഫിസില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ എം.എസ് ബിജുവിനെ കൈയേറ്റം ചെയ്യാനും സംഘം ശ്രമിച്ചു.
Also read: കാത്തിരിപ്പിന്‍റെ രണ്ട് വർഷം, സ്‌കൂളുകൾ തുറന്നു.. ഇനി പഠനോത്സവ ദിനങ്ങൾ
ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇവര്‍ ഓഫിസില്‍ നിന്ന് മടങ്ങിയത്. ദേവികുളത്ത് ആധാരം എഴുതുന്ന ഒരു വ്യക്തിയും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ശാന്തന്‍പാറ പൊലീസ് കേസെടുത്തു.