ഇടുക്കി: ജില്ലയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി മുതൽ പൊന്മുടി അണക്കെട്ടിന്‍റെയും വ്യഷ്ടിപ്രദേശത്തിന്‍റെയും വിദൂര കാഴ്ചകൾ കണ്ട് ആസ്വദിക്കാം. ഹൈഡൽ ടൂറിസം വകുപ്പും രാജാക്കാട് സർവീസ് സഹകരണ ബാങ്കും ചേർന്നാണ് അടിസ്ഥാന സൗകര്യങ്ങളോട് കൂടി വ്യൂ പോയിന്‍റ് ഒരുക്കിയിരിക്കുന്നത്.
മലനിരകൾക്ക് നടുവിലായി പ്രകൃതി മനോഹാരിത നിറഞ്ഞു നിൽക്കുന്ന പൊന്മുടി ജലാശയത്തിന്‍റെ വിദൂര ദൃശ്യം ഇനി സഞ്ചാരികൾക്ക് മനം നിറയെ ആസ്വദിക്കാം. പൊന്മുടി ജലാശയത്തിനോട് ചേർന്ന് ഉയരമുള്ള മലമുകളിലാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സന്ദർശകർക്ക് കാഴ്ചയുടെ വസന്തം ഒരുക്കുന്നത്. ഹൈഡൽ ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ രാജാക്കാട് സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിലാണ് പ്രകൃതി ഭംഗി ആസ്വാദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ സുരക്ഷാ വേലിയും സ്‌പൈസ് പാർക്കും ഒരുക്കി. രണ്ടാം ഘട്ടമെന്ന നിലയിൽ സഞ്ചാരികൾക്ക് ഇരിപ്പിടങ്ങളും വിദൂര കാഴ്ചകൾ അടുത്ത് കാണുവാൻ ദൂരദർശിനിയും ഒരുക്കും. ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിരിക്കുന്ന സ്പൈസസ് പാര്‍ക്കിലൂടെയാണ് വ്യൂ പോയന്‍റിലേയ്ക്കെത്തുന്നത്. പൊന്മുടി അണക്കെട്ടിന്‍റെ വിദൂര ദൃശ്യങ്ങൾക്ക് പുറമെ മൂന്നാർ മലനിരകളുടെ ഹരിത ഭംഗിയയും സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കും.