ഇടുക്കി : ഔദ്യോഗിക വിവരങ്ങള്‍ എസ്.ഡി.പി.ഐക്ക് ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. തൊടുപുഴക്കടുത്ത് കരിമണ്ണൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ പികെ അനസിനെയാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്. ഇടുക്കി എസ്.പി കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്.
പൊലീസ് ശേഖരിച്ച ബിജെപി, ആർഎസ്എസ് നേതാക്കൾ ഉൾപ്പടെയുള്ളവരുടെ വ്യക്തി വിവരങ്ങളാണ് ഇയാൾ എസ്‌ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയത്. പൊലീസിന്‍റെ ഔദ്യോഗിക വിവരം ചോർത്തിയെന്ന ആരോപണം ശരിവയ്‌ക്കുന്ന കണ്ടെത്തലുകളോടെ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്‌പി അന്വേഷണ റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്ക് നൽകിയിരുന്നു.
തുടർന്ന് അനസിന് നോട്ടിസും നൽകിയ ശേഷമാണ് ഇടുക്കി എസ്.പി പിരിച്ചുവിടാനുള്ള ഉത്തരവ് ഇറക്കിയത്. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്‌പി എ.ജി ലാൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപണങ്ങൾ ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഉണ്ടായിരുന്നത്. കേസുകളിൽ ഉൾപ്പെട്ടവരടക്കം ഒട്ടേറെ പേരുടെ വിവരങ്ങൾ അനസ് ചോർത്തിയതായി വകുപ്പുതല അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.
മതസ്‌പർധ വളർത്തുന്ന പോസ്റ്റ് ഫെയ്‌സ്‌ബുക്കിൽ ഷെയർ ചെയ്തെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്‌ടറെ തൊടുപുഴ മങ്ങാട്ടുകവലയിൽ ചിലർ മർദിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വ്യക്തി വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ അനസ് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഇയാളെ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് സസ്‌പെൻഡ് ചെയ്ത ശേഷമാണ് വിശദമായ അന്വേഷണം നടത്തി ഇപ്പോൾ സർവീസിൽ നിന്നും പിരിച്ചുവിട്ടിരിക്കുന്നത്.