ഇടുക്കി: കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി മൂന്നാര്‍ പൊലീസ്. മൂന്നാര്‍ ടൗണിലുള്‍പ്പെടെ നിരീക്ഷണം ശക്തമാക്കിയതായി മൂന്നാര്‍ ഡിവൈഎസ്‌പി എം രമേശ് കുമാര്‍ പറഞ്ഞു. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെയും വാഹനത്തില്‍ എണ്ണത്തില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും. കൊവിഡ് രോഗഭീതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് ജാഗ്രത ശക്തമാക്കുകയാണ്.
തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളിലേക്കും എസ്റ്റേറ്റ് ലായങ്ങളിലേക്കും തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തുന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ടൗണിലെത്തുന്നവരോട് സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശവും പൊലീസും ആരോഗ്യവകുപ്പും നല്‍കുന്നുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും മൂന്നാര്‍ പൊലീസ് അറിയിച്ചു.